January 15, 2026

തിരുവനന്തപുരം ∙ ശാസ്ത്രീയ പഠനവും നടത്താതെ വെട്ടുകാട് തീരത്തോടു ചേർന്ന് കടലിൽ കോർപറേഷൻ നിർമിച്ച പാർക്ക് രൂക്ഷമായ കടലാക്രമണത്തിൽ തകർന്നു. കോൺക്രീറ്റിങ് കഴിഞ്ഞതിനു പിന്നാലെ കഴിഞ്ഞ ദിവസം പാർക്കിന്റെ പകുതിയോളം ഭാഗം കടലിൽ വീണു. വലിയതുറ പാലം മാതൃകയിൽ കടലിൽ തൂണുകൾ സ്ഥാപിച്ച് കോൺക്രീറ്റ് പ്ലാറ്റ്ഫോമിൽ പാർക്ക് സ്ഥാപിക്കാനായിരുന്നു പദ്ധതി. അപകട സാധ്യത ഏറെയുള്ളതിനാൽ ഈ ഭാഗത്ത് പ്രവേശിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. 

2023– 2024 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി അരക്കോടിയോളം മുടക്കി പാർക്ക് നിർമിക്കാനായിരുന്നു പദ്ധതി. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ പ്രാർഥനയ്ക്ക് എത്തുന്നവർ ഇറങ്ങിയിരുന്ന തീരത്തായിരുന്നു പാർക്ക് നിർമാണം. പദ്ധതി തയാറാക്കുന്നതിനു മുൻപ്  ശാസ്ത്രീയ  പഠനങ്ങളും കോർപറേഷൻ നടത്തിയില്ല. കടലിൽ പാർക്ക് നിർമിക്കുന്നതിന് കരാറുകാരന് സാങ്കേതിക പരിജ്ഞാനം ഉണ്ടോയെന്നും പരിശോധിച്ചില്ല. ടെൻഡറിൽ  കുറവു തുക കോട്ടു ചെയ്തെന്ന പേരിൽ കരാറുകാരന് നിർമാണ കരാർ നൽകുകയായിരുന്നു.

കഴിഞ്ഞ മേയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ മാസം ആദ്യം പ്ലാറ്റ്ഫോം കോൺക്രീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇതിന്റെ പകുതിയോളം ഭാഗം കടലിൽ പതിച്ചു. 5 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതിൽ മൂന്നും കടലിലാണ്. ഒരെണ്ണം ഏതു നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. നിർമാണഘട്ടത്തിൽ  തന്നെ പാർക്ക് തകർന്നതോടെ ഇതിനായി ചെലവഴിച്ച കോടികളും വെള്ളത്തിലായ അവസ്ഥയിലാണ്. 

കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്തി പാർക്ക് പുനർ നിർമിക്കാൻ കലക്ടറേറ്റിൽ അപേക്ഷ നൽകുമെന്ന് കോർപറേഷൻ എൻജിനീയറിങ് വിഭാഗം അറിയിച്ചു. 127 പില്ലറുകൾ താങ്ങി നിർത്തുന്ന വലിയതുറ കടൽപാലത്തിൽ ബലക്ഷയം കണ്ടെത്തിയത് അടുത്തകാലത്താണ്. 7 പതിറ്റാണ്ടോളം പിന്നിട്ട പാലത്തിന്റെ 19 തൂണുകൾക്കാണു ബലക്ഷയം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് വെട്ടുകാട് പാർക്ക് നിർമാണ ഘട്ടത്തിൽ തന്നെ കടലിൽ വീണത് ചർച്ചയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *