പാറശാല∙തിരക്കേറിയ കളിയിക്കാവിള–ഉൗരമ്പ് റോഡിലെ അപകടക്കുഴികൾ താൽക്കാലികമായി അടച്ചു. കാരോട് ബൈപാസ് പാലത്തിനു സമീപം ഒരു മാസത്തോളമായി രൂപപ്പെട്ട വൻ കുഴികൾ അപകട പരമ്പര തന്നെ സൃഷ്ടിച്ചിരുന്നു. ഒരാഴ്ചയ്ക്കിടയിൽ മാത്രം എട്ടോളം ഇരുചക്ര വാഹന യാത്രക്കാർ വീണ് പരുക്കേറ്റു. ജനപ്രതിനിധികളും നാട്ടുകാരും പരാതി അറിയിച്ചിട്ടും റോഡിന്റെ നിയന്ത്രണം ഉള്ള തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഇടപെടാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.
കളിയിക്കാവിള–ഉൗരമ്പ് റോഡിൽ കിണറ്റുമുക്ക് മുതൽ ഉൗരമ്പ് വരെ അഞ്ചു കിലോമീറ്ററോളം ദൂരം തമിഴ്നാട് പരിധിയിൽ ആണ്. നടപടി ഇല്ലാതായതോടെ പൊഴിയൂർ പൊലീസ് ഇടപെട്ട് വ്യാഴം രാത്രി മണ്ണുമാന്തി എത്തിച്ച് കുഴികളിൽ കല്ല് നിറച്ച് താൽക്കാലികമായി അടച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ചെങ്കവിള ഏരിയാ കമ്മിറ്റി രാപ്പകൽ സമരവും രണ്ട് ദിവസം മുൻപ് കോൺഗ്രസ് കാരോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ടും പ്രതിഷേധിച്ചിരുന്നു. റോഡിലെ വൻ കുഴികൾ അടയ്ക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
