January 15, 2026

തിരുവനന്തപുരം ∙ പഠനത്തോടൊപ്പം അതുമായി ബന്ധപ്പെട്ട വ്യവസായ മേഖലയിൽ അനുഭവ പരിചയം നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ക്യാംപസ് പാർക്ക് പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചുവെന്ന് മന്ത്രി പി.രാജീവ്. വ്യവസായ വകുപ്പും ലോക ബാങ്ക് സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘കേര’ പദ്ധതിയും ചേർന്ന് സംഘടിപ്പിച്ച രാജ്യാന്തര എംഎസ്എംഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ) ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

നിലവിലെ 10,000 നാനോ സംരംഭങ്ങളെ ഒരു കോടി രൂപ വിറ്റു വരവുള്ള സ്ഥാപനങ്ങളാക്കാനും 1000 സംരംഭങ്ങളെ 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കാനും സർക്കാർ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എക്കോടെക്‌സ് ഹാൻഡ്‌ലൂം കൺസോർഷ്യം സ്ഥാപകൻ പി.ഗോപിനാഥൻ, കെ.പി.നമ്പൂതിരീസ് ആയുർവേദിക്സ് മാനേജിങ് ഡയറക്ടർ കെ.ഭവദാസൻ എന്നിവരെ ആദരിച്ചു. ‘വ്യവസായ ജാലകം 2025’  കൈപ്പുസ്തകം ആന്റണി രാജു എംഎൽഎയ്ക്കു നൽകി മന്ത്രി പ്രകാശനം ചെയ്തു.

ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന മൂല്യാധിഷ്ഠിത ഭക്ഷ്യ സംസ്കരണ മേഖലയിലുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയുടെ ധാരണാപത്രത്തിൽ വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷും ‘കേര’ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ഡോ.ബി.അശോകും ഒപ്പുവച്ചു. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി മെഗാ ഫൈനൽ വിജയികൾക്കു മന്ത്രി സമ്മാനം നൽകി. 

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ആൻഡ് പ്ലാന്റേഷൻ സ്പെഷൽ ഓഫിസർ പി.വിഷ്ണുരാജ്, കയർ വികസന വകുപ്പ് ഡയറക്ടർ ആനി ജൂല തോമസ്, കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.കൃപകുമാർ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ജി.രാജീവ്, കെഎസ്എസ്ഐഎ പ്രസിഡന്റ് എ.നിസാറുദ്ദീൻ, സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വി.കെ.സി.റസാഖ്, എഫ്ഐസിസിഐ സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വി.പി.നന്ദകുമാർ, എസ്പിഎംയു കേര പ്രൊക്യൂർമെന്റ് ഓഫിസർ സുരേഷ് തമ്പി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *