തിരുവനന്തപുരം : തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട രണ്ടുപേർ അർബുദം ബാധിച്ച് വിടപറഞ്ഞതിന്റെ വേദന പങ്കുവെച്ച് സ്പീക്കർ എ.എൻ. ഷംസീർ. അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരള സംഘടിപ്പിക്കുന്ന കേരള കാൻസർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
തന്റെ അമ്മ കുടലിലെ അർബുദം കാരണമാണ് മരിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട നേതാവ് കോടിയേരി ബാലകൃഷ്ണൻ പാൻക്രിയാറ്റിക് അർബുദം ബാധിച്ചാണ് വിടപറഞ്ഞത്. വ്യക്തിപരമായ തന്റെ വേദനകളിൽനിന്നു കേരളത്തിലെ അർബുദ ചികിത്സാരംഗത്ത് അടിയന്തരമായി നടപ്പാക്കേണ്ട ചില കാര്യങ്ങൾ താൻ മനസ്സിലാക്കി. ചികിത്സാരംഗത്ത് ഏകീകൃത നിരക്ക് കൊണ്ടുവരുകയാണ് ഇതിൽ പ്രധാനം. എല്ലാ രോഗികൾക്കും ഒരുപോലെ ലഭ്യമാകുന്ന ഏകീകൃത ചികിത്സാ പ്രോട്ടക്കോൾ തയ്യാറാക്കണം. സംസ്ഥാനത്തെ പലഭാഗങ്ങളിൽ ഓരോതരം കാൻസറുകൾ കൂടുതലായി കാണുന്നതിന്റെ കാരണം കണ്ടെത്താൻ വിശദമായ പഠനങ്ങൾ വേണം. രോഗത്തെക്കുറിച്ചുള്ള ഭയം കാരണം പലരും ചികിത്സതേടാൻ മടിക്കുന്ന അവസ്ഥയുണ്ട്. ഇതു മാറ്റാൻ കൃത്യമായ അവബോധം നൽകണമെന്നും സ്പീക്കർ പറഞ്ഞു.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവിൽ ഈ മേഖലയിലെ പ്രശസ്ത ഡോക്ടർമാർ പങ്കെടുക്കും. അർബുദചികിത്സയിൽ മരുന്നുകളുടെ ഉപയോഗത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, രോഗനിയന്ത്രണ പ്രവർത്തനങ്ങളിലെ മാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും, കാൻസർ ചികിത്സാമേഖലയുടെ പ്രാപ്യത, ഇൻഷുറൻസ് തുടങ്ങിയ സൗകര്യങ്ങളുടെ ലഭ്യത, തുടർപഠനങ്ങളുടെ ആവശ്യകത എന്നിവ കോൺക്ലേവ് ചർച്ചചെയ്യും.
അസോസിയേഷൻ പ്രസിഡന്റ് ഡോ. നാരായണൻകുട്ടി വാരിയർ അധ്യക്ഷനായി. ഡോ. സുരേഷ് ഒ. അദ്വാനി മുഖ്യാതിഥിയായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കൽ നിന്നുള്ള ഡോ. ഷാജികുമാർ, അമേരിക്ക റോസ് വെൽപാർക്കിൽ നിന്നുള്ള ഡോ. സബി ജോർജ്, ഡോ. എം.വി. പിള്ള, ഡോ. ബോബൻ തോമസ്, ഡോ. നാരായണൻകുട്ടി വാരിയർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. കോൺക്ലേവ് ഞായറാഴ്ച സമാപിക്കും.
