January 15, 2026

“ലഹരിക്കെതിരായ സന്ദേശം ജനങ്ങളിലെത്തിക്കാൻ മതപണ്ഡിതർ മുൻകൈയെടുക്കണം”

വർക്കല : ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅ: മന്നാനിയ്യായിൽ ആരംഭിച്ച പതിനേഴാമത് ബുഖാരി മജ്‌ലിസിന് പ്രാർത്ഥനാ നിർഭരമായ തുടക്കം. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും പ്രബലമായ വിശുദ്ധ ഗ്രന്ഥമാണ് നബിചര്യ പ്രതിപാദിക്കുന്ന “ബുഖാരി ഷെരീഫ്”. വർക്കല ജാമിഅ: മന്നാനിയ്യാ കാമ്പസിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ബുഖാരി മജ്ലിസിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗൽഭ മതപണ്ഡിതന്മാർ 7000-ത്തിലധികം ഹദീസുകൾ പാരായണം ചെയ്തു വിശദീകരിക്കും.
വർക്കല ജാമിഅ: മന്നാനിയ്യാ ബുഖാരി മജ്‌ലിസ് ഹാളിൽ തെന്നിന്ത്യയിലെ പ്രമുഖ മതപണ്ഡിതനും സൂഫിവര്യനുമായ അതിരാംപട്ടണം കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത് ആറ്റാശ്ശേരി ബുഖാരി മജ്ലിസ് ഉദ്ഘാടനം ചെയ്തു. ലഹരി എന്ന മാരക വിപത്തിൽ നിന്ന് നമ്മുടെ യുവാക്കളെയും കുട്ടികളെയും സംരക്ഷിക്കാനുള്ള സന്ദേശമെത്തിക്കുന്നതിനായി മതപണ്ഡിതന്മാർ മുൻകൈ എടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാചകചര്യ പിൻപറ്റി വിശ്വമാനവികതയും സാഹോദര്യവും ഊട്ടിയുറപ്പിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
അശരണർക്ക് ആശ്രയമേകാനും, പീഡിതർക്ക് തണലേകാനും, ജ്ഞാനമെന്ന വെളിച്ചത്തിലൂടെ സമൂഹത്തെ നയിക്കാനും ഒറ്റക്കെട്ടായി പരിശ്രമിക്കണം.
വർഗീയതയും തീവ്രവാദവും ഇസ്ലാം നിയമത്തിലൂടെ വിലക്കിയ തിന്മകളാണ്. നിരപരാധികൾ പീഡിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും വൻ അപരാധമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധയിടങ്ങളിൽ യുദ്ധക്കെടുതികളിലും പ്രകൃതി ദുരന്തങ്ങളിലും പെട്ട് മരണമടഞ്ഞവർക്കും ദുരിതമനുഭവിക്കുന്നവർക്കും ചടങ്ങിൽ അതിരാംപ്പട്ടണം കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത് ആറ്റാശ്ശേരി പ്രത്യേക പ്രാർത്ഥന നടത്തി. തുടർന്ന് അദ്ദേഹം ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അൽഉസ്താദ് കെ.പി അബൂബക്കർ ഹസ്രത്ത് അധ്യക്ഷത വഹിച്ചു.
മന്നാനിയ്യാ ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ട്രഷറർ എ.കെ ഉമർ മൗലവി, പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി, മുസ്തഫ ഹസ്രത്ത്, എ.വി ബഷീർ മൗലവി, ഷംസുദ്ദീൻ മൗലവി, അബ്ദുൽ റഹുമാൻ മൗലവി, സുലൈമാൻ മൗലവി തുടങ്ങിയവർ പങ്കെടുത്തു.
ഓഗസ്റ്റ് 24ന് നടക്കുന്ന പ്രാർത്ഥനാ സംഗമത്തോടെ പതിനേഴാമത് ബുഖാരി മജ്ലിസ് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *