അഞ്ചുതെങ് : തീരദേശ പാത വികസനവുമായി ബന്ധപെട്ടു അഞ്ചുതെങ്ങിലെ മത്സ്യതൊഴിലാളികളും, ജനങ്ങളും സർക്കാരിന് ബദൽ നിർദേശം സമർപ്പിച്ചു.
വർധിച്ചു വരുന്ന വാഹനപ്പെരുപ്പവും, റോഡിന്റെ പരിമിതികളും, പ്രദേശത്തെ ജനങളുടെ ബഹുല്യവും, സ്ഥല പരിമിതികളും കണ്ടുകൊണ്ടു ജനങ്ങൾ എലിവേറ്റഡ് ഹൈവേ നിർദ്ദേശം സർക്കാരിന് സമർപ്പിച്ചു.
നിലവിലെ റോഡ് വീതി കൂട്ടി പാത നിർമിക്കുകയാണെങ്കിൽ നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരികയും, മത്സ്യതൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ ബുദ്ധിമുട്ട് ഉണ്ടാകുകയും, ഇപ്പോൾ ഉള്ളതിന്റെ പതിൻമടങ് വാഹനങ്ങൾ പ്രദേശത്തു കൂടി കടന്നു പോകേണ്ടി വരികയും ചെയ്യുമെന്നും, ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ് കോട്ടയെയും, ലൈറ്റ് ഹൌസിനെയും ഗുരുതരമായി ബാധിക്കുമെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.
അതുകൊണ്ട് തന്നെ ആരെയും കുടിയൊഴിപ്പിക്കാതെ ഉള്ള എലിവേറ്റഡ് ഹൈവേ നിർദേശം സർക്കാർ പരിഗണിക്കണം എന്നുള്ളതാണ് ജനങളുടെ ആവശ്യം.
എലിവേറ്റഡ് ഹൈവേ വരികയാണെങ്കിൽ ഒരാളെ പോലും കുടിയൊഴിപ്പിക്കേണ്ടി വരികയില്ല,എലിവേറ്റഡ് ഹൈവേ വരികയാണെങ്കിൽ തീരം സംരക്ഷിക്കാൻ ഉള്ള നടപടികൾ ഉണ്ടാകും എന്നും ജനങ്ങൾ പറയുന്നു.തിരുവനന്തപുരം- കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നിലവിലെ റോഡിൽ കയറാതെ എലിവേറ്റഡ് റോഡ് വഴി പോകുകയും നിലവിലെ റോഡിൽ തിരക്ക് കുറയുകയും ചെയ്യും എന്നും ജനങ്ങൾ ചൂണ്ടി കാണിക്കുന്നു.
നിലവിൽ കടൽ കയറി തീരവും, വീടും നഷ്ടപ്പെടുകൊണ്ടിരിക്കുന്ന അവസ്ഥയിൽ നിലവിലെ റോഡ് വീതി കൂട്ടി തീരദേശ പാത വികസനം നടപ്പിലാക്കിയാൽ റോഡ് കടലെടുക്കും എന്നും ജനങ്ങൾ പറയുന്നു.
കൂടാതെ നിലവിൽ കടൽ കയറി വീടുകളും, അഞ്ചുതെങ്ങിലെ പ്രസിദ്ധമായ സേക്രട്ട് ഹാർട്ട് സ്കൂളിന്റെ ഗ്രൗണ്ടും, ടോയ്ലറ്റ് സംവിധാനവും ഉൾപ്പെടെ കടലെടുക്കുന്ന അവസ്ഥയിൽ ആണ് ഉള്ളത്. എന്നിട്ടും അധികാരികൾ തിരിഞ്ഞു നോക്കുന്നില്ല.
ശംഖുമുഖം പോലുള്ള ടുറിസം കേന്ദ്രങ്ങൾ കടലെടുക്കുമ്പോൾ അവ സംരക്ഷിക്കാൻ വ്യഗ്രത കാണിക്കുന്ന സർക്കാർ ആയിരക്കണക്കിന് മത്സ്യ തൊഴിലാളികൾ താമസിക്കുന്ന മത്സ്യഗ്രാമങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല എന്നും മത്സ്യതൊഴിലാളികൾ ആക്ഷേപം ഉന്നയിക്കുന്നു.
താഴം പള്ളി മുതൽ പൂത്തുറ വരെ നിലവിൽ പുതിയതായി നിർമിക്കുന്ന പുലിമുട്ടു നിർമാണം മൂലം വടക്കു വശത്തു അഞ്ചുതെങ് വേലിമുക്ക് മുതൽ കായിക്കര വരെ തീരം അനിയന്ത്രിതമായി കടേലെടുക്കുന്നുണ്ട്. നിരവധി വീടുകളും സ്ഥാപനങ്ങളും കടലെടുക്കുന്ന സ്ഥിതിയിൽ ആണ് ഉള്ളത്.
പ്രദേശത്തെ ജനങ്ങൾ ഇതിനു പരിഹാരമായി അഞ്ചുതെങ് ഒന്നാം പാലത്തു കടലിൽ 200 മീറ്റർ നീളത്തിൽ പുലിമുട്ട് വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന സർക്കാരിനും, കേന്ദ്ര സർക്കാരിനും നിവേദനം നൽകിയിട്ടും സർക്കാർ സംവിധാനങ്ങൾ തിരിഞ്ഞു നോക്കുന്നില്ല. ഇത് പ്രദേശത്തെ ജനങ്ങളിൽ ശക്തമായ പ്രധിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
ഇതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും എന്ന് പ്രദേശത്തെ മത്സ്യതൊഴിലാളി സംഘടനകളും അഞ്ചുതെങ് ജനകീയ സംരക്ഷണ സമിതിയും പറഞ്ഞു.
