വിതുര ∙ വനാതിർത്തിയിൽ നിന്ന് 20 കിലോയോളം ഭാരവും 18 അടിയോളം നീളവുമുള്ള രാജവെമ്പാലയെ വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേന പിടികൂടി. പരുത്തിപ്പള്ളി റേഞ്ച് പരിധിയിൽ വരുന്ന ആര്യനാട് പാലോട് സെക്ഷനിലെ പേപ്പാറ റോഡിൽ മരുതൻ മൂടിലാണ് ഇന്നലെ ഉച്ചയ്ക്ക് രാജവെമ്പാലയെ കണ്ടത്. തുടർന്ന് ദ്രുതപ്രതികരണ സേനയെ അറിയിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എസ്.റോഷ്നി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.പി.പ്രദീപ് കുമാർ, വാച്ചർമാരായ ഷിബു, സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി കൂട്ടിലാക്കി. വനവുമായി ചേർന്നു കിടക്കുന്ന പ്രദേശത്താണ് രാജവെമ്പാലയെ കണ്ടത്. നിരീക്ഷണത്തിനു ശേഷം രാജവെമ്പാലയെ ശംഖിലി വനത്തിലെ ഉൾക്കാട്ടിൽ തുറന്നു വിടുമെന്ന് ഡിഎഫ്ഒ എ.ഷാനവാസ് അറിയിച്ചു.
