തിരുവനന്തപുരം: ജീവിതം കൊണ്ട് സമരപോരാട്ട കേരളത്തിന്റെ പര്യായമായി മാറിയ വി.എസ് എന്ന രണ്ടക്ഷരത്തിന്റെ ജീവൻ നാലാഴ്ച തുടിച്ച തിരുവവനന്തപുരം പട്ടത്തെ എസ്.യു.ടി ആശുപത്രിപരിസരം ഇന്നലെ സാക്ഷ്യംവഹിച്ചത് അതിവൈകാരിക രംഗങ്ങൾക്ക്. ‘‘കണ്ണേ കരളേ വി.എസേ..ധീര സഖാവേ വി.എസേ, ഇല്ല..ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ…’’-ചാറ്റൽ മഴ പെയ്തിറങ്ങിയ സന്ധ്യയിൽ ആശുപത്രി പരിസരത്ത് മുഴങ്ങി കേട്ടത് ഒരേയൊരു ശബ്ദ്ം മാത്രം. വി.എസ്. അച്യുതാനന്ദന്റെ വിയോഗ വാർത്തയറിഞ്ഞ് ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനേക്കുകാണാൻ ആശുപത്രി പരിസരത്തെത്തിയത്. മിനിട്ടുകൾക്കകം ജനസാഗരത്തിന് കനംകൂടി. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമടക്കം നേതാക്കളെല്ലാം ആശുപത്രിക്കുള്ളിലാണ്. തിരക്കിട്ട ചർച്ചകളാണ് ഉള്ളിലെങ്കിൽ പ്രിയനേതാവിനെ അവസാനമായി കാണാനുള്ള കാത്തിരിപ്പാണ് പുറത്ത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ശേഷമാണ് വി.എസിന്റെ ആരോഗ്യനില ഗുരുതരമെന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തി. 3.20ഓടെയായിരുന്നു വിയോഗം. ഈ സമയവും തങ്ങളുടെ പ്രിയനേതാവ് മടങ്ങിവരുമെന്ന പ്രതീക്ഷയിൽ പുറത്ത് കാത്തുനിന്നത് നിരവധി പേരാണ്. 4.12ഓടെയാണ് വിയോഗവാർത്ത പങ്കുവെച്ച് ആശുപത്രി വാർത്താക്കുറിപ്പ് പുറത്തുവന്നത്. 4.15ഓടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കാണുകയും വിയോഗ വാർത്ത, പൊതുദർശനം, സംസ്കാരം എന്നിവ സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കുകയും ചെയ്തു. മന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ല സെക്രട്ടറി വി. ജോയ് എം.എൽ.എ, വി.കെ. പ്രശാന്ത് എം.എൽ.എ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
