തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. നിലവിൽ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക
നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു.
അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജൻഡ് സി.സി.ടി.വി നാല് പ്രധാന ജയിലുകളിൽ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും
ജയിൽ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇന്റലിജൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരെയും ഇപ്പോൾ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്. ഇത്തരക്കാർക്ക് അന്തർ സംസ്ഥാന ജയിൽ മാറ്റം കൂടി ആലോചിക്കും.
ജയിലുകളിലെ വീഡിയോ കോൺഫറൻസിങ് സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. ജയിലിനകത്ത് തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കും. താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിലുള്ള സാഹചര്യത്തിൽ പുതിയ സെൻട്രൽ ജയിൽ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കാനും യോഗം തീരുമാനമെടുത്തു.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡീഷണൽ ഡി.ജി.പി പി. വിജയൻ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്.
