വർക്കല.”തീവ്രവാദത്തിനും ലഹരിക്കുമെതിരെ ആയിരങ്ങൾ മജ്ലിസിൽ പ്രതിജ്ഞയെടുത്തു”*
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള ജാമിഅ: മന്നാനിയ്യായിൽ കഴിഞ്ഞ ഒരു മാസമായി നടന്നുവന്ന പതിനേഴാമത് ബുഖാരി മജ്‌ലിസ് പ്രാർത്ഥനാ സംഗമത്തോടെ സമാപിച്ചു. ദക്ഷിണേന്ത്യയിലെ പ്രമുഖ മതപണ്ഡിതനും സൂഫിവര്യനുമായ അതിരാംപട്ടണം കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത് ആറ്റാശ്ശേരി പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അൽഉസ്താദ് കെ.പി അബൂബക്കർ ഹസ്രത്ത് അധ്യക്ഷത വഹിച്ചു.
തീവ്രവാദത്തിനും ലഹരിക്കുമെതിരെ മന്നാനിയ്യാ ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാലസ്‌തീൻ ജനതയുടെ മോചനത്തിനായി മജ്ലിസിൽ പ്രത്യേക പ്രാർത്ഥന നടത്തി. ലോകരാഷ്ട്രങ്ങൾ പ്രത്യേകിച്ച് അറബി രാജ്യങ്ങൾ പാലസ്തീനെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ കണ്ണു തുറക്കണം.
സ്വാതന്ത്ര്യ സമര സേനാനികൾ വിഭാവനം ചെയ്ത വിവേചന രഹിത ഇന്ത്യ നിലവിൽ വരണമെന്നും ഇന്ത്യയുടെ സൗന്ദര്യമായ മതനിരപേക്ഷതയും മതേതരത്വവും ഭരണഘടനയുടെ അന്ത:സത്തയും കാത്തുസൂക്ഷിക്കാൻ വേണ്ടിയുള്ള എല്ലാ സമരപരിപാടികൾക്കും ബുഖാരി മജ്‌ലിസ് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മൺമറഞ്ഞ പണ്ഡിതന്മാരെയും നേതാക്കളെയും അനുസ്മരിക്കുകയും അവർക്കായി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.
കേരളത്തിനകത്തും പുറത്തുനിന്നുമായി സ്ത്രീകളടക്കം 5000ത്തിലധികം പേർ പ്രാർത്ഥനാ സംഗമത്തിന് എത്തിയിരുന്നു.
