ചിറയിൻകീഴ് ഒറ്റപ്ലാം മുക്കിൽ വീട് കുത്തി തുറന്ന് 13 പവനിലേറെ സ്വർണവും 1.15 ലക്ഷം രൂപയും കവർന്നു.
ഷാരോൺ ഡെയിലിൽ ക്ലമൻ്റ് പെരേര – സുശീല ദമ്പതികളുടെ വീട്ടിലാണ് വ്യാഴം പുലർച്ചെ മൂന്നോടെ കവർച്ച . വീടിൻ്റെ മുൻവശത്തെ കതക് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ ഷെൽഫുകളിൽ സൂക്ഷിച്ചിരുന്ന 107 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ, 1,15000 രൂപ, എടിഎം കാർഡ്, 60000 രൂപ വിലവരുന്ന ടിസ്സോട്ട് വാച്ച്, 25678 രൂപ മൂല്യം വരുന്ന
1100 സൗദി റിയാൽ,15,516 രൂപ മൂല്യം വരുന്ന 650 യു എ ഇ ദിർഹം, വസ്ത്രങ്ങൾ, 3 കുപ്പി വിദേശമദ്യം എന്നിവയും മോഷ്ടിച്ചു.
വിദേശത്തയിരുന്ന മകളും കുടുംബവും മരുമകൻ്റെ ചികിത്സാർത്ഥം നാട്ടിലെത്തിയതിനെ തുടർന്ന്
കഴിഞ്ഞ രണ്ടാഴ്ചയായി കിഴുവിലം പുരവൂരിലെ മകളുടെ വീട്ടിലായിരുന്ന ഇവർ മടങ്ങി
വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മരുമകന്റെ ചികിത്സാർത്ഥം സൂക്ഷിച്ചിരുന്ന പണവും കവർന്നു. ഷെൽഫിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളല്ലൊം വാരിവലിച്ചിട്ട നിലയിലാണ്.
ആകെ 9,36,250 രൂപയുടെ നഷ്ടം സംഭവിച്ചതായി ചിറയിൻകീഴ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.വീട്ടിൽ സ്ഥാപിച്ചിരുന്ന സി സി ടി വി തിരിച്ചു വച്ച നിലയിലായതിനാൽ വാതിൽ തകർക്കുന്ന ശബ്ദം മാത്രമേ ഇതിൽ പതിഞ്ഞിട്ടുള്ളൂ. ചിറയിൻകീഴ് പോലീസെത്തി പരിശോധന നടത്തി.
ഈ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറി പടനിലത്ത് വിജയകുമാറിൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആക്ടിവ സ്കൂട്ടർ മോഷണം പോയതായും പരാതിയുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ചിറയിൻകീഴ്, കടയ്ക്കാവൂർ , അഴൂർ, വക്കം, കിഴുവിലം പഞ്ചായത്തുകളിൽ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും മോഷണം നടന്നിരുന്നു. ഒരു കേസിലും മോഷ്ടാക്കളെ പിടികൂടാനാകാത്തതിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്.
