തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ ആസ്പദമാക്കി ഭാരത സർക്കാർ മേരാ യുവ ഭാരതും, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും ചേർന്ന് ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻ്റി,കോളേജ് വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മൻ കീ ബാത് സീസൺ 5 ടാലൻ്റ് ഹണ്ട് വിജയികളായ മുപ്പത് കുട്ടികൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കും. മൻ കീ ബാതിൽ പ്രതിപാദിച്ച വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രാഥമിക തലം മുതൽ ജില്ലാ തലം വരെ പ്രസംഗം പ്രശ്നോത്തരി, സംവാദം, റേഡിയോ ജോക്കി, പ്രോജക്ട് അവതരണം, റീൽസ് മത്സരം എന്നിവയിൽ ഉന്നത വിജയം നേടിയവരെയാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായി തെരെഞ്ഞെടുത്തത്. ചൊവ്വാഴ്ച്ച രാജധാനി എക്സ്പ്രസ്സിൽ പുറപ്പെട്ട സംഘം സ്വാതന്ത്ര്യദിനാഘോഷത്തോടൊപ്പം ദില്ലിയിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും സന്ദർശിക്കും. രാഷ്ട്ര നേതാക്കളുമായി സംവദിക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കും. യാത്ര അയപ്പ് ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എ. രാധാകൃഷ്ണൻ നായർ, ജില്ലാ യൂത്ത് ആഫീസർ സുഹാസ്,മൻ കീ ബാത് ക്വിസ് ജില്ലാ കോ ഓർഡിനേറ്റർ പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ സൗജന്യമായാണ് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നത്. യാത്രാ സംഘം 21 ന് മടങ്ങി എത്തും
