January 15, 2026

പാങ്ങോട്∙അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമിൽ മണ്ണുമാന്തി ഉപയോഗിച്ചു കുന്നിടിച്ച് വലിയ മാലിന്യക്കുഴി നികത്തിയ വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു.  പഞ്ചായത്തിലെ വെള്ളയംദേശം വാർഡിൽ പ്രവർത്തിക്കുന്ന പന്നി ഫാമിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വൻതോതിൽ മാലിന്യങ്ങൾ നീർച്ചാലുകളിലേക്ക് ഒഴുക്കിവിടാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് അധികൃതർ എത്തി പൊലീസിന്റെ സഹായത്തോടെ മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ആർഡിഒയ്ക്ക് കൈമാറാൻ നടപടി സ്വീകരിച്ചു.വില്ലേജ് അധികൃതർ എത്തി അനധികൃത മണ്ണിടിച്ചു മാറ്റുന്നതിനും കേസെടുത്തു.അനധികൃത പന്നിഫാമിൽ പ്ലാസ്റ്റിക് മാലിന്യം അടക്കം സംഭരിച്ചു കുഴിച്ചിടുന്നതിനെതിരെ പ്രദേശത്ത് ജനകീയ സമരം നടക്കുകയാണ്.

പന്നി ഫാമിനു സമീപത്തായി പ്ലാസ്റ്റിക് മാലിന്യം അടക്കം നിക്ഷേപിച്ചിട്ടുള്ള വലിയ 3 കുഴികൾ നികത്തുകയാണ് എന്ന് നാട്ടുകാർ പരാതിപ്പെട്ടതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് സമിതി, പാങ്ങോട് വില്ലേജ് ഓഫിസർ,പാങ്ങോട് പൊലീസ് തുടങ്ങിയവർ സ്ഥലത്ത് എത്തി നടപടി സ്വീകരിക്കുകയായിരുന്നു. 3 മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു.4 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹനങ്ങൾ ആർഡിഒയ്ക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്നും ഫാം ഉടമയ്ക്ക് എതിരെ നെടുമങ്ങാട് കോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *