January 15, 2026

ഉറിയാക്കോട്∙ വീടിന്റെ കാർപോർച്ചിൽ ഉണ്ടായിരുന്ന വാഹനങ്ങളും സാധനങ്ങളും കത്തിനശിച്ചു. ഉറിയാക്കോട് ഗവ.എൽപി സ്കൂളിന് സമീപം ശിവ നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന കാനക്കുഴി സ്നേഹതീരത്തിൽ എസ്.സുകുവിന്റെ (44) വീടിന്റെ പോർച്ചിൽ ആണ് തീപിടിത്തം ഉണ്ടായത്. ഇലക്ട്രിക് സ്കൂട്ടറും ബുള്ളറ്റും ആണ് അഗ്നിക്കിരയായത്. ഇന്നലെ പുലർച്ചെ 5.30 ഓടെ ആണ് സംഭവം.ഹാളിൽ കിടന്ന മകൻ മേബിൻ വീടിനുളളിൽ പുക നിറഞ്ഞതോടെ വീട്ടുകാരെ വിളിച്ചുണർത്തി. ഉടൻ തന്നെ സുകു അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പുറത്തേക്ക് മാറ്റി.

വാഹനങ്ങൾക്ക് ഒപ്പം പോർച്ചിൽ സൂക്ഷിച്ചിരുന്ന വീടിന്റെ നിർമാണത്തിനായുള്ള സാധനങ്ങളും അഗ്നിക്കിരയായി. സുകു കള്ളിക്കാട് മഠത്തിക്കോണം ഇളംമ്പള്ളിയിൽ വയ്ക്കുന്ന വീടിന്റെ നിർമാണത്തിനായുള്ള അലമാരയുടെ സാധനങ്ങൾ, രണ്ട് കട്ടിൽ, വയറിങ്ങിന്റെ ഇലക്ട്രിക്കൽ സാധനങ്ങൾ എന്നിവയാണ്  ഉണ്ടായിരുന്നത്. നാട്ടുകാരും പിന്നാലെ ഫയർഫോഴ്സും ചേർന്ന് തീ കെ‌ടുത്തി. 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി സുകു പറഞ്ഞു. ആര്യനാട് പെ‌ാലീസ് അന്വേഷണം ആരംഭിച്ചു.

ലക്ഷങ്ങളുടെ നഷ്ടം
വാഹനങ്ങളും സാധനങ്ങളും കത്തി നശിച്ചതിൽ ഉടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം.പുതുതായി വാങ്ങിയ ബുള്ളറ്റും രണ്ടര വർഷം മുൻപ് വാങ്ങിയ ഇലക്ട്രിക് സ്കൂട്ടറും ആണ്  അഗ്നിക്കിരയായത്. പോർച്ചിൽ സൂക്ഷിച്ചിരുന്ന കബോഡിന്റെ സാധനങ്ങൾ 1.25 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നും ബുള്ളറ്റിന് 2.50 ലക്ഷം രൂപയും ഇലക്ട്രിക് സ്കൂട്ടറിന് 1.45 ലക്ഷം രൂപയും 60,000 രൂപയുടെ ഇലക്ട്രിക് സാധനങ്ങൾ, കട്ടിൽ ഉൾപ്പെടെ കത്തിനശിച്ചതായി സുകു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *