കിളിമാനൂർ∙ ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് കരുതി കോളനി നിവാസികളോട് ഇത്രയും ക്രൂരത കാണിക്കരുതെന്ന് , പഴയകുന്നുമ്മേൽ പഞ്ചായത്തിലെ വട്ടലിൽ കോളനി നിവാസികൾ കണ്ണീരോടെ വിലപിക്കുന്നു. വട്ടലിൽ കോളനി റോഡിന്റെ അവസാനത്തെ ഭാഗം 55 മീറ്റർ ദൂരം മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്നതിനു 2024 നവംബർ 13ന് ആണ് കരാർ നൽകിയത്. 6,77,498 രൂപയാണ് അടങ്കൽ തുക. 10 മാസത്തിനകം പണി പൂർത്തിയാക്കണം എന്നായിരുന്നു കരാർ വ്യവസ്ഥ. റോഡ് പണി നടത്താത്തതിനാൽ കോളനി നിവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞറിയിക്കാൻ പ്രയാസം.
2025 ജനുവരിയിൽ റോഡിൽ നേരത്തെ ഉണ്ടായിരുന്ന കുറച്ചു സ്ഥലത്തെ ടാർ വെട്ടി ഇളക്കി മാറ്റിയിരുന്നു. മണ്ണിട്ട് ഉയർത്തുന്നതിനു പാർശ്വഭിത്തി നിർമിക്കാൻ റോഡിനോട് ചേർന്നുള്ള വീടുകളുടെ മുൻഭാഗത്ത് വഴി അടച്ച് തട്ട് അടിച്ചു പോയ കരാറുകാരനെ പിന്നീട് കോളനി നിവാസികൾ കണ്ടിട്ടില്ല. ആഴ്ചകൾ കഴിഞ്ഞിട്ടും പാർശ്വഭിത്തി നിർമിക്കാതെ വന്നതോടെ വീട്ടിലേക്ക് കയറുന്ന ഭാഗത്തെ തട്ട് അതാതു വീട്ടുകാർ പൊളിച്ചു മാറ്റി. കുട്ടികളും കുഞ്ഞുങ്ങളും തട്ടിന്റെ ഇടയിൽ മറിഞ്ഞു വീഴുന്നതു കാരണം കോളനിയിലെ താമസക്കാരനായ സനൽ താമസം മാറി പോയി. അനിൽകുമാറിന്റെ വീടിന്റെ മുൻഭാഗത്ത് വീടിനു ഉള്ളിൽ കയറാൻ പറ്റാത്ത നിലയിലാണ് തട്ട് അടിച്ചത്.
പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തൊളിക്കുഴി വാർഡിലാണ് വട്ടലിൽ കോളനി. മുപ്പത് കുടുംബങ്ങളാണ് വട്ടലിൽ കോളനി റോഡിന്റെ ഗുണഭോക്താക്കൾ. ആനന്ദൻമുക്കിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തിലാണ് വട്ടലിൽ കോളനി. കോളനി നിവാസികൾക്ക് ആനന്ദൻമുക്കിൽ എത്തി വേണം പഞ്ചായത്തിലും മറ്റ് സ്ഥലങ്ങളിലും പോകാൻ.
പാർശ്വഭിത്തി നിർമിക്കാൻ റോഡ് വെട്ടി കുഴിച്ച് തട്ട് അടിച്ചതിനെ തുടർന്ന് കാൽനട പോലും അസാധ്യമായി. കരാർ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയായോ എന്ന് പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ വരെ കോളനി നിവാസികളെ വഞ്ചിക്കുന്ന അവസ്ഥയാണ് ഉള്ളത്. നിർമാണം പൂർത്തിയാക്കണമെന്ന് നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കോളനി നിവാസികൾ പരാതിപ്പെട്ടു.
