തിരുവനന്തപുരം∙ ശിശുമരണനിരക്കിൽ കേരളം റെക്കോർഡ് നേട്ടം ആവർത്തിക്കുമ്പോൾ, 70 ശതമാനത്തിലേറെ പ്രസവവും നടക്കുന്നതു സ്വകാര്യ ആശുപത്രികളിലാണെന്നു സർക്കാരിന്റെ രേഖകൾ. ആയിരം ജീവനുള്ള ജനനങ്ങളിൽ, 28 ദിവസത്തിനുള്ളിലെ മരണനിരക്കു കണക്കാക്കിയാണു ശിശുമരണത്തിന്റെ തോത് നിശ്ചയിക്കുന്നത്. കേരളത്തിൽ നേരത്തേ 6 കുഞ്ഞുങ്ങൾ മരിക്കുമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സാംപിൾ റജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടനുസരിച്ച് 5 മരണങ്ങളാണു സംഭവിക്കുന്നത്.
ദേശീയ ശരാശരി 27 ആയിരുന്നത് 25 ആയി. കുറഞ്ഞ ശിശുമരണനിരക്കിൽ അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളെക്കാൾ മുന്നിലാണു കേരളം. അമേരിക്കയിൽ 5.6 ആണു ശിശുമരണനിരക്ക്. 10 വർഷത്തെ കണക്കനുസരിച്ച്, ആകെ പ്രസവങ്ങളിൽ 30% മാത്രമാണു സർക്കാർ ആശുപത്രികളിൽ നടക്കുന്നതെന്നാണു സംസ്ഥാന ആസൂത്രണ ബോർഡിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മാതൃ മരണനിരക്ക് കുറയ്ക്കുന്നതിലും കേരളമാണു മുന്നിൽ. സംസ്ഥാനത്തു പ്രസവ സമയത്ത് ലക്ഷം പേരിൽ 18 പേരാണു മരിക്കുന്നത്.
ഇന്ത്യയിൽ 97, അമേരിക്കയിൽ 22 എന്നിങ്ങനെയാണ് കണക്ക്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടനുസരിച്ച് 2015–16ലെ സർക്കാർ ആശുപത്രികളിലെ പ്രസവം 38.30% ആയിരുന്നതു പിന്നീട് 34.10% ആയി. എന്നാൽ, ദേശീയതലത്തിൽ ഇത് 52.10%ൽനിന്ന് 61.90% ആയി മെച്ചപ്പെട്ടു. ഗർഭിണികളെ ക്യാൻവാസ് ചെയ്യുന്നതിന് ആശാ വർക്കർമാർക്ക് അലവൻസ് ഉണ്ട്. ഗർഭിണികൾ സർക്കാർ ആശുപത്രികളിൽ എത്താത്തതിനാൽ പലർക്കും ഈ അലവൻസ് ലഭിക്കാറില്ല.
