തിരുവനന്തപുരം ∙ കിളിമാനൂർ സ്വദേശി തുളസീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പുതിയകാവ് സ്വദേശി വിഷ്ണുവിന് ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണം. തിരുവനന്തപുരം ഫസ്റ്റ് അഡീഷനൽ സെഷൻസ് ജഡ്ജി കെ.പി. അനിൽ കുമാർ ആണ് ശിക്ഷ വിധിച്ചത്. 2014ൽ ആണ് കേസിനാസ്പദമായ സംഭവം.
പ്രതിയുടെ പരിചയത്തിലുള്ള പെൺകുട്ടിയോട് തുളസീധരൻ മോശമായി പെരുമാറിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. 2014 ജൂൺ 4ന് വൈകിട്ട് പഴയ കുന്നുംമേൽ വിളയ്ക്കാട്ടുകോണത്തുള്ള പ്രതിയുടെ വീടിനു മുന്നിലൂടെ പോയ തുളസീധരനെ റോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തുളസീധരൻ മൂന്നു ദിവസത്തിനു ശേഷം മരിച്ചു. വയറ്റിൽ ഏറ്റ ശക്തമായ മുറിവാണ് മരണകാരണമായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി
