January 15, 2026

പാലോട്∙ ആധുനിക രീതിയിൽ പണിയുമെന്നു പറഞ്ഞ നന്ദിയോട് – ചെല്ലഞ്ചി – മുതുവിള റോഡ് പക്ഷേ, പണിയുന്നതാകട്ടെ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ ടാറിങ് മാത്രാമാക്കി.  ചിലയിടങ്ങളിൽ ദുരന്തമുഖങ്ങളായിട്ടും സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. ടാറിങ്ങിന് മാത്രമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത് എന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഷ്യം. ചെല്ലഞ്ചി പാലം കഴിഞ്ഞുള്ള  കല്ലറ പഞ്ചായത്തിൽപ്പെട്ട ഭാഗം വലിയ അപകട മേഖലയായി.

ഇവിടെ 120 മീറ്റർ പ്രദേശം കരിങ്കല്ല് കെട്ടി സംരക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും അത് ചെയ്യാതെയാണ് പണി നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.ഈ കുഴിഭാഗത്ത് അനവധി വീടുകൾ ഉണ്ട്.  ചെറിയ ഒരു അശ്രദ്ധ മതി വാഹനങ്ങൾ കുഴിയിൽ പതിക്കാൻ. ഇവിടെ വൈദ്യുതി പോസ്റ്റുകൾ മാറ്റാതെ റോഡിനു മധ്യത്തായി നിർത്തി ടാറിങ് നടത്തിയത് കൗതുക കാഴ്ചയും  വാർത്തകളെ തുടർന്ന് വിവാദവും ആയതിനെ തുടർന്ന് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചിരുന്നു.   

നന്ദിയോട് പഞ്ചായത്തിലെ കടുവപ്പാറ മേഖല മറ്റൊരു ദുരന്തമുഖമാണ്. വാമനപുരം നദിക്കര ഉൾപ്പെടുന്ന വളവിൽ യാതൊരു സുരക്ഷയും ഇല്ല.ഒരു കിലോമീറ്ററിന് ഒരു കോടി ചെലവിട്ടു ചെയ്യുന്ന റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ടുള്ള പ്രദേശത്തു പോലും ഓടയില്ലാതെയാണ് പണിയുന്നത്. മഴക്കാലത്ത് തങ്ങളുടെ വീടുകളിലേക്ക് വെള്ളം ഇറങ്ങുമെന്ന പരാതി വ്യാപകമായിട്ടുണ്ട്.

ഓട, സംരക്ഷണഭിത്തി, കാത്തിരിപ്പ് കേന്ദ്രങ്ങൾ,പാലങ്ങൾ പൊളിച്ചു ഉയർത്തി പണിയൽ അടക്കമുള്ള റോഡ് പണിക്കായി 65കോടി നേരത്തെ വകയിരുത്തിയെങ്കിലും അത് ലാപ്സായതിനെ തുടർന്നാണ് 13.5കോടി വകയിരുത്തി പുതിയ പണി നടക്കുന്നത്.കെഎസ്ആർടിസിയും സ്വകാര്യ ബസുകളും അടക്കം അനവധി സർവീസുകൾ നടക്കുന്ന റൂട്ടിലാണ് ഇത്തരം ഗുരുതരമായ വീഴ്ചകളിലൂടെ ടാറിങ് നടക്കുന്നത്. മാത്രമല്ല പൊൻമുടി– വർക്കല ടൂറിസം പാതയായി വികസിക്കേണ്ട റോഡിലാണ് സുരക്ഷ സംവിധാനങ്ങളുന്നുമില്ലാതെ പണി നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *