തിരുവനന്തപുരം∙ പേരു മാറ്റിയിട്ടും ഗതി പിടിക്കാതെ നോർത്ത് റെയിൽവേ സ്റ്റേഷൻ(കൊച്ചുവേളി). നിലമ്പൂർ രാജ്യറാണി, മധുര–പുനലൂർ എക്സ്പ്രസുകൾ പുറപ്പെടുന്ന ഒന്നാം പ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കാത്തത് വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്ക് സൃഷ്ടിക്കുന്നത്. രണ്ടാം എൻട്രിയിൽ 6–ാം പ്ലാറ്റ്ഫോമിൽ പോയി വേണം ടിക്കറ്റ് എടുക്കാൻ. ഒന്നാം പ്ലാറ്റ്ഫോമിൽ എടിവിഎം സൗകര്യമോ കൗണ്ടർ തുറന്നു പ്രവർത്തിപ്പിക്കുകയോ വേണമെന്നാണ് പ്രധാന ആവശ്യം. ഒന്നാം പ്ലാറ്റ്ഫോമിൽ കേറ്ററിങ് സ്റ്റാളുകൾ ഒന്നും തന്നെയില്ല. കുടിവെള്ളം ഉൾപ്പെടെ വാങ്ങണമെങ്കിൽ 6–ാം പ്ലാറ്റ്ഫോമിൽ എത്തണം.
ലഗേജുമായി 6–ാം പ്ലാറ്റ്ഫോമിൽ പോയി തിരികെ വരിക എളുപ്പമല്ലെന്നു യാത്രക്കാർ പറയുന്നു. ആകെയുള്ളതാകട്ടെ ഒരു മേൽനടപ്പാലവും. സ്റ്റേഷനിൽ അധികമായി ഒരു മേൽനടപ്പാലം കൂടി സ്ഥാപിക്കുകയും എസ്കലേറ്റർ സൗകര്യം എല്ലാ പ്ലാറ്റ്ഫോമിലും ഏർപ്പെടുത്തണമെന്നാണ് ആവശ്യം. 6–ാം പ്ലാറ്റ്ഫോമിൽ വനിതായാത്രക്കാർക്കുള്ള വിശ്രമമുറിയും പുതിയ എസി വിശ്രമ കേന്ദ്രവും തുറന്നെങ്കിലും ഒന്നാം പ്ലാറ്റ്ഫോമിൽ ഇതുവരെ മേൽക്കൂര നിർമാണം ആരംഭിച്ചിട്ടില്ല. 2, 3 പ്ലാറ്റ്ഫോമുകളിലും എല്ലായിടത്തും മേൽക്കൂരയില്ല. 20023–24 സാമ്പത്തിക വർഷം 56 കോടി രൂപയിലധികം വരുമാനമാണു സ്റ്റേഷനിൽ നിന്ന് ലഭിച്ചത്.എന്നാൽ അതിന് ആനുപാതികമായി യാത്രക്കാർക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.
