തിരുവനന്തപുരം∙ രാജ്യത്ത് മേയർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവുമായാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷന്റെ മേയറായി ചുമതലയേറ്റത്. ആര്യയെ തലസ്ഥാന നഗരത്തിന്റെ മേയറാക്കുമ്പോൾ ഒരു വലിയ ചുവടുവയ്പ് എന്നാണ് സിപിഎം അതിനെ വിശേഷിപ്പിച്ചതും. അതേസമയം, രാഷ്ട്രീയ വിവാദങ്ങളുടേതുകൂടിയായിരുന്നു ആര്യയ്ക്ക് കഴിഞ്ഞ അഞ്ചു വർഷം. ഏറ്റവുമൊടുവിൽ, കോൺഗ്രസിന്റെ യുവ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടും ആര്യയുടെ ഓഫിസ് വാർത്തകളിൽ നിറഞ്ഞു. പ്രവർത്തന മണ്ഡലം കോഴിക്കോട്ടേക്കു മാറ്റുന്നുവെന്നും നിയമസഭയിലേക്കു മൽസരിക്കുമെന്നുമടക്കം അഭ്യൂഹങ്ങളുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷന്റെ ഭരണം നിലനിർത്താൻ സിപിഎം അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ, ഇത്തവണ ആര്യ മൽസര രംഗത്തില്ല. നിയമസഭയിലേക്കു മൽസരിക്കുമെന്ന അഭ്യൂഹത്തെക്കുറിച്ചും രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ചും തിരുവനന്തപുരത്തെ വികസനങ്ങളെക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ആര്യ.
ഇനി കോർപറേഷനിലേക്കു മത്സരിക്കുമോ നിയമസഭയിലേക്ക് മത്സരിക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല. ഒരു ഇടതുപക്ഷ പ്രവർത്തകയെ സംബന്ധിച്ചിടത്തോളം പൊതുസമൂഹത്തിനായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുകയെന്നതാണ് പ്രധാനം. അതിനു പ്രത്യേക സ്ഥാനമാനങ്ങളുടെയൊന്നും ആവശ്യമില്ല. പാർട്ടി ഓരോ സാഹചര്യത്തിനനുസരിച്ച് ഏൽപിക്കുന്ന ചുമതല എന്തു തന്നെയായാലും എന്നെക്കൊണ്ട് ആവുംവിധം ചെയ്യാൻ ശ്രമിക്കും.
