നേമം ∙ നിർദ്ദിഷ്ട ഒന്നാം ഘട്ടം മെട്രോ റെയിൽ പദ്ധതിയിൽ നേമത്തെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം. 2014 ൽ തയാറാക്കിയ കരട് പ്ലാനിൽ നേമം ഉൾപ്പെട്ടിരുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ഉത്തരവിൽ ഇത് പാപ്പനംകോട് വരെയായി ചുരുക്കിയിരിക്കുകയാണ്. ഇത് നേമം മേഖലയിൽ നിന്ന് നഗരത്തിലേക്ക് നിത്യവും യാത്ര ചെയ്യുന്നവരെ നിരാശപ്പെടുത്തുന്നതാണ്. നേമം റെയിൽവേ സ്റ്റേഷനെ സൗത്ത് റെയിൽവേ സ്റ്റേഷനായി ഉയർത്തി ഇവിടെ അനുബന്ധ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
2 വർഷത്തിനുള്ളിൽ നേമം സൗത്ത് സ്റ്റേഷൻ ടെർമിനലായി ഉയർത്തുവാനാണിത്. ദൂരെ സ്ഥലങ്ങളിൽ നിന്നുവരുന്ന ട്രെയിൻ യാത്രക്കാർക്ക് നേമത്തിറങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തണമെങ്കിൽ മെട്രോ റെയിൽ പദ്ധതി ഇതുവരെ നീട്ടേണ്ടതുണ്ട്. ഇപ്പോഴത്തെ പദ്ധതി പ്രകാരം ഇതിന് 4 കിലോമീറ്റർമാത്രം അകലെ പാപ്പനംകോട്ടാണ് മെട്രോ അവസാനിക്കുന്നത്.
നേമം വരെ നീട്ടിയാൽ ജനസംഖ്യാ കണക്കുപ്രകാരമുള്ള തടസ്സം നീങ്ങിക്കിട്ടുകയും ചെയ്യും. ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും മെട്രോ റെയിൽ അധികൃതർക്കും ജനപ്രതിനിധികൾക്കും നേമത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാൻസ് നിവേദനം നൽകി.
