വെള്ളറട∙വീട്ടിലെത്തിയ കാപ്പ കേസ് പ്രതി പിടികൂടാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ചു കടന്നു. കീഴ്പ്പെടുത്താൻ എസ്എച്ച്ഒ വെടിവച്ചെങ്കിലും കടന്നുകളഞ്ഞ പ്രതിയെ പിന്നാലെ അഭിഭാഷകനെ കാണുന്നതിനിടെ പൊലീസ് പിടികൂടി. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 8 കേസുകളുള്ള കുറ്റിയാണിക്കാട് കണ്ണങ്കര സ്വദേശി എം.കിരൺ (കൈലി കിരൺ– 27) ആണ് പിടിയിലായത്. നാടുകടത്തപ്പെട്ട കിരൺ പതിവായി നാട്ടിലും വീട്ടിലുമെത്തുന്നെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ അടുത്ത കാലത്ത് പിടികൂടാൻ ശ്രമിച്ചെങ്കിലും അന്നു വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തി കടന്നു കളഞ്ഞു.
ഇന്നലെ കിരൺ വീണ്ടും നാട്ടിലെത്തിയെന്ന വിവരമറിഞ്ഞ് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് എത്തി. കിരൺ വെട്ടുകത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഭയപ്പെടുത്തി കീഴടക്കാൻ എസ്എച്ച്ഒ വെടിയുതിർത്തു. പരുക്കേൽക്കാതെ കിരൺ വീടിന്റെ പിൻവാതിലിലൂടെ വയലിലേക്ക് ഓടി . പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തി വേഷം മാറി മുങ്ങിയ വിവരം പൊലീസ് മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറി. പിന്നാലെ അഭിഭാഷകനെ കാണാൻ കാട്ടാക്കടയിൽ എത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. നെയ്യാറ്റിൻകര കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

