ഗ്രാമപഞ്ചായത്തുകൾ മുഖേന നടപ്പിലാക്കിവന്ന സംസ്ഥാനാവിഷ്കൃത ‘പ്രത്യേക കന്നുകുട്ടി പരിപാലനപദ്ധതി’യിൽ കഴിഞ്ഞ 3 കൊല്ലമായി മുടങ്ങിയ സംസ്ഥാന സർക്കാർ വിഹിതം പുന:സ്ഥാപിക്കണമെന്നും കേരളത്തിൽ ജനിക്കുന്ന എല്ലാ കന്നുകുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ പദ്ധതിവിഹിതം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണമെന്നും കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) പാറശ്ശാല മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
പാറശ്ശാല അനശ്വര നഗറിൽ നടന്ന സമ്മേളനം കെ.എൽ.ഐ.യു സംസ്ഥാന കമ്മിറ്റി അംഗം റാണി പി.എസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ഷമിന ജി.ആർ അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ സൗത്ത് ജില്ല കമ്മിറ്റി അംഗം ക്രിസ്റ്റോർ ദീപക്, കെ.എൽ.ഐ.യു ജില്ലാ സെക്രട്ടറി ഇ.ഷിബുരാജൻ, ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ജിഷ റ്റി.എ, മേഖല ജോയിന്റ് സെക്രട്ടറി അരുൺരാജ് വി. ലോറൻസ്, മേഖലാ കമ്മിറ്റി ഭാരവാഹികളായ ജ്യോതിഷ് ജെ.എൽ, വിജി, സുജാത, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) പാറശ്ശാല മേഖലാ കമ്മിറ്റി ഭാരവാഹികളായി ഷമിന ജി.ആർ (പ്രസിഡന്റ്) മിഥുൻ ദാസ് സി.എം (സെക്രട്ടറി), അരുൺരാജ് വി.ലോറൻസ്, ജ്യോതിഷ് എൽ.ജെ (വൈസ് പ്രസിഡൻ്റുമാർ), സുനിത.എസ്, പവന കെ.എ (ജോയിൻ്റ് സെക്രട്ടറിമാർ), അഭിലാഷ് എസ്.പി (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
