വിതുര∙ വോട്ടെടുപ്പിന് മാത്രം തുറക്കുന്ന ഒരു സ്കൂളുണ്ട് ജില്ലയിൽ! അഗസ്ത്യമലയുടെ താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ബോണക്കാട് ഗവ. യുപിഎസ്. വോട്ടെടുപ്പ് കഴിയുന്നതോടെ അടയ്ക്കും. വീണ്ടും തുറക്കാൻ അടുത്ത തിരഞ്ഞെടുപ്പു വരെ കാത്തിരിക്കണമെന്നു പ്രദേശവാസികൾ പറയുന്നു. തിരഞ്ഞെടുപ്പു നാളിൽ വോട്ട് രേഖപ്പെടുത്താനായി ബോണക്കാട്ടേക്ക് മടങ്ങിയെത്തുന്ന ഒട്ടേറെപ്പേരുടെ ഒത്തുചേരൽ കേന്ദ്രം കൂടിയാകും സ്കൂൾ മുറ്റം. വിദ്യാർഥികളുടെ കുറവുമൂലം 2019ലാണ് സ്കൂൾ അടച്ചുപൂട്ടിയത്. 2000 മുതൽ ബോണക്കാട്ടെ തോട്ടങ്ങൾ അടച്ചുപൂട്ടാൻ തുടങ്ങിയതോടെ മേഖലയിലെ ഒട്ടേറെ കുടുംബങ്ങൾ മറ്റു ജോലികൾ തേടി ഈ പ്രദേശം വിട്ടു.
ഭൂരിഭാഗം പേരും 20 കിലോമീറ്റർ അകലെയുള്ള വിതുരയിലേക്കു താമസംമാറി. വിതുരയിൽനിന്ന് പേപ്പാറ വന്യജീവി സങ്കേതത്തിലൂടെ 10 കിലോമീറ്റർ നിബിഡവനം ചുറ്റിവേണം ബോണക്കാട് എത്തിച്ചേരാൻ. കടുവകളുടെ എണ്ണമെടുക്കാൻ പോയ ഒരു സംഘം കഴിഞ്ഞ ദിവസം വനത്തിനകത്ത് ഒറ്റപ്പെട്ടു പോയത് ബോണക്കാട് മേഖലയിലാണ്. മഴക്കാലത്തും ഈ പ്രദേശം ഒറ്റപ്പെട്ടുംപോകും. ഇവിടേക്ക് എത്തിച്ചേരുക പ്രയാസകരമായതു കൊണ്ട് കുട്ടികളെ ബോണക്കാട് യുപിഎസിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ മടിച്ചു. ഇതോടെ എന്നേന്നേക്കുമായി സ്കൂൾ അടച്ചു.
സ്ഥലം മാറിപ്പോയ വോട്ടർമാർ വോട്ടെടുപ്പു നാളിൽ കൂട്ടത്തോടെ ഇവിടെയെത്തും. പ്രധാന രാഷ്ട്രീയ കക്ഷികൾ തന്നെ ഇതിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. മിനി ബസുകളിലും ജീപ്പുകളിലും ഇന്നലെ മുതൽ വോട്ടർമാർ എത്തിത്തുടങ്ങി. പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് ഊണും മടക്കയാത്രയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുന്നിനു മുകളിലുള്ള സ്കൂളിനു മുന്നിലെ കാടെല്ലാം നീക്കി. മുകളിലേക്ക് മണ്ണുവെട്ടി പടവുകൾ തീർത്തു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥർ ഇന്നലെ ഉച്ചയോടെ എത്തി. നേരത്തെതന്നെ സ്കൂൾ തുറന്ന് ഇവർക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിരുന്നു.
872 പേർക്കാണ് ഇവിടെ വോട്ടുള്ളത്. സ്കൂൾ തുറന്നതിനൊപ്പം അടുക്കളയും തുറന്നിട്ടുണ്ട്. ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് സ്കൂളിലെ അടുക്കളയിൽ ഭക്ഷണമൊരുക്കുന്നത് സമീപവാസികളായ രണ്ടു വനിതകളാണ്. ‘സ്കൂൾ അടുക്കള എന്നും പുകഞ്ഞുകണ്ടിരുന്നെങ്കിൽ’ എന്നാണ് അവർ പങ്കുവയ്ക്കുന്ന സ്വപ്നം. ബോണക്കാട് മേഖല പഴയ പ്രതാപം വീണ്ടെടുക്കുകയും പ്ലാന്റേഷൻ മേഖല സജീവമാവുകയും തിരികെ പോയവർ മടങ്ങിയെത്തുകയും വേണം. അതിനു തിരഞ്ഞെടുപ്പിൽ ജയിക്കുന്നവർ മുൻകൈ എടുക്കണം.– അവർ പറയുന്നു.
വിതുരയിൽനിന്ന് മാറി, വനമേഖലയിൽ തലത്തൂതക്കാവ് ഗവ.ട്രൈബൽ എൽപി സ്കൂളും വോട്ടെടുപ്പിന് സജ്ജമായി. ജില്ലയിൽ ഏറ്റവുമധികം ആദിവാസി–ഗോത്ര വിഭാഗക്കാർ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന പോളിങ് സ്റ്റേഷനാണിത്. 27 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്കൂളിന്റെ ചുറ്റുമതിൽ അടുത്തിടെ കാട്ടാന തകർത്തു. ഇതു പുനർനിർമിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 4 വനിതകളെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. 986 പേർക്കാണ് ഇവിടെ വോട്ടുള്ളത്.
