January 15, 2026

തിരുവനന്തപുരം : അതിജീവിതയ്‌ക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയ പ്രസ്താവന അനാവശ്യമെന്ന് കെ മുരളീധരന്‍. പദവിക്കനുസരിച്ചുള്ള പ്രസ്താവന നടത്തണം. തെരഞ്ഞെടുപ്പ് ദിവസം അത്തരത്തിലൊരു പ്രതികരണം നടത്തിയത് ശരിയായില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടണമെന്നാണ് നിലപാട്. സര്‍ക്കാര്‍ അപ്പീല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലാണെന്നും ദിലീപിന് നീതി കിട്ടിയെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ ആദ്യ പ്രതികരണം. ദിലീപുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെപിസിസിയും എഐസിസിയും എതിര്‍ത്ത് നിലപാടെടുക്കുകയും സമൂഹമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനം ഉയരുകയും ചെയ്തതോടെ അടൂര്‍ പ്രസ്താവന തിരുത്തി.

അടൂര്‍ പ്രകാശ് കേരള സമൂഹത്തോട് മാപ്പുപറയണമെന്ന് മുഖ്യമന്ത്രിയും ആഞ്ഞടിച്ചു. നാടിന്റെ വികാരത്തിനെതിരായ പറച്ചിലാണ് അടൂര്‍ പ്രകാശിന്റേതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജും വിമര്‍ശിച്ചു. ഒടുവില്‍ അതിജീവിതയ്‌ക്കൊപ്പമാണ് താനെന്നും അവര്‍ക്ക് നീതി കിട്ടണമെന്നാണ് നിലപാടെന്നും അടൂര്‍ പ്രകാശ് തിരുത്തി. വിധി സര്‍ക്കാരിന്റെ പരാജയമാണെന്നും അപ്പീല്‍ പോകണമെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *