വിതുര : നിർമാണം നടക്കുന്ന മലയോര ഹൈവേയിലെ കൊപ്പം പൊന്നാംചുണ്ട് റോഡിൽ മാലിന്യംതള്ളൽ പതിവായതോടെ യാത്രക്കാർ ദുരിതത്തിൽ. മേലെ കൊപ്പത്തുനിന്നു തിരിഞ്ഞ് ഈഞ്ചപ്പുരി വഴി പൊന്നാംചുണ്ടിലേക്കു പോകുന്ന ഭാഗത്താണ് മാലിന്യം കൊണ്ടിടുന്നത്
വാമനപുരം ആറിനു കുറുകേയുള്ള ചപ്പാത്തിനു സമീപത്ത് കവറുകളിലാക്കിയും അല്ലാതെയുമാണ് മലിനവസ്തുക്കൾ തള്ളുന്നത്. അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങൾക്കും പുറമേ ഡയപ്പറുകളും കൂട്ടത്തിലുണ്ട്. അരികിൽ തള്ളിയ മാലിന്യം തെരുവുനായകൾ കടിച്ചുകീറി റോഡിലേക്ക് വലിച്ചിടുന്നതോടെ വാഹനങ്ങളും കാൽനടക്കാരും ദുരിതത്തിലാകുന്നു. കാക്കകൾ കൊത്തിവലിച്ച് പ്രദേശത്തെ വീട്ടുപരിസരങ്ങളിലും കിണറുകളിലും കൊണ്ടിടുന്നുമുണ്ട്.
മാലിന്യം തിന്നാനെത്തുന്ന തെരുവുനായകളും കാട്ടുപന്നിക്കൂട്ടവും ഇരുചക്രവാഹനങ്ങൾക്കു ഭീഷണിയാണ്. അറവുശാലകളിലും ഹോട്ടലുകളിൽനിന്നുള്ള മാലിന്യങ്ങൾ മാറ്റാൻ ഏൽപ്പിക്കുന്ന ഏജൻസികളാണ് ഇതിനുപിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികാരികളുടെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
