വിതുര : കനത്ത മഴയിൽ മണ്ണിടിഞ്ഞു മാറിയതും വശങ്ങളിൽ കാടുവളർന്നതും വിതുര-പൊന്മുടി റോഡിലെ തേവിയോട് പാലത്തിനെ അപകടക്കെണിയാക്കുന്നു. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനു സമീപത്തെ തിരക്കുള്ള റോഡിലാണ് ഈ അവസ്ഥ. വർഷങ്ങളുടെ പഴക്കമുള്ള ഇടുങ്ങിയ പാലത്തിനോടു ചേർന്നാണ് മാസങ്ങൾക്ക് മുൻപ് മണ്ണിടിഞ്ഞു മാറിയത്. മഴയിൽ വെള്ളം കുത്തിയൊലിച്ചതും കളീക്കൽനിന്നുള്ള കൈത്തോട്ടിൽ വെള്ളമുയർന്നതുമാണ് മണ്ണിടിയാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. വീതിയില്ലാത്ത പാലത്തിന്റെ വശങ്ങളിൽ കാടു വളർന്നതാണ് മറ്റൊരു ഭീഷണി. ഇവിടെനിന്ന് കളീക്കലേക്കും സമീപത്തെ പെട്രോൾ പമ്പിലേക്കും റോഡ് തിരിയുന്നുണ്ട്. മഴക്കാലത്ത് ഈ റോഡിലേക്കു തിരിയുന്നവർ നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. വർഷങ്ങൾ പഴക്കമുള്ള പാലവും ശോച്യാവസ്ഥയിലാണ്. അടിഭാഗത്തെ കല്ലുകൾ മുൻപ് ഇളകിമാറിയിരുന്നു. കോൺക്രീറ്റ് പില്ലറുകൾ നിർമിച്ചാണ് ഇതിനു താത്കാലിക പരിഹാരം കണ്ടത്.
