വിതുര : കൊപ്പം താലൂക്കാശുപത്രി ജങ്ഷനിൽ കാത്തിരിപ്പുകേന്ദ്രമില്ലാത്തതു യാത്രക്കാർക്ക് ദുരിതമാകുന്നു. നേരത്തേയുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം വർഷങ്ങൾക്കു മുൻപ് പൊളിച്ചുമാറ്റിയതോടെ വെയിലിലും മഴയിലും റോഡുവക്കിൽ നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. റോഡിന്റെ വശത്തെ കടവരാന്തകളാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് ആശ്രയം.
താലൂക്കാശുപത്രിയും സർക്കാർ സ്കൂളുകളും സ്ഥിതിചെയ്യുന്ന ജങ്ഷനിലാണ് ഈ അവസ്ഥ. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. പ്രായമുള്ളവരുൾപ്പെടെയുള്ള രോഗികൾ കടത്തിണ്ണകളിലിരിക്കുന്നത് പതിവു കാഴ്ചയാണ്. വിഎച്ച്എസ്എസ്, യുപിഎസ്, പഞ്ചായത്ത് ഓഫീസ്, സബ്ട്രഷറി, മൃഗാശുപത്രി, കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴി തിരിയുന്നത് കൊപ്പം ജങ്ഷനിൽനിന്നാണ്.
വിതുര-പാലോട് പ്രധാന പാതയിലാണ് ജങ്ഷൻ. പാലോട് കൂടാതെ തെന്നൂർ, പെരിങ്ങമ്മല, ശാസ്താംകാവ്, ആനപ്പെട്ടി, പുളിച്ചാമല, നാഗര തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകൾ പോകുന്നത് ജങ്ഷനിലൂടെയാണ്.
നേരത്തേയുണ്ടായിരുന്ന സ്ഥലത്ത് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ പഞ്ചായത്ത് തീരുമാനിച്ചതായും എന്നാൽ സമീപത്തെ കടയുടമ സ്റ്റേ വാങ്ങിയതാണ് നിർമാണം തടസ്സമായതെന്നും അധികൃതർ നേരത്തേ പറഞ്ഞിരുന്നു.
വിതുര കലുങ്ക് റോഡിൽ കൊപ്പം ജങ്ഷനിൽനിന്ന് നൂറ് മീറ്റർ മാറി നടപ്പാതയോടുചേർന്ന് പുതിയ കേന്ദ്രം നിർമിക്കാൻ തീരുമാനിച്ചതായി അറിയിച്ചിട്ടും നാളേറെയായി.
