January 15, 2026

തിരുവനന്തപുരം:നിറപ്പകിട്ടാർന്ന ഏഴര പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ കരുത്തോടെ സജീവമായി മുന്നോട്ടുപോകുന്ന, മലയാള നാടക വേദിയുടെ തറവാടായ കേരളാ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് – കെപിഎസിയുടെ 68-ാമത് നാടകം ‘ഭഗവന്തി’ നാളെ (ഡിസംബർ 22) മുതൽ അരങ്ങിലേക്ക്. വിഖ്യാത കഥകാരൻ എം മുകുന്ദൻ്റെ “ഒരു ദളിത് യുവതിയുടെ കദനകഥ” എന്ന നോവലിനെ ആസ്പദമാക്കി അശോക് – ശശി രചനയും സംവിധാനവും നിർവഹിച്ചതാണ് പുതിയ നാടകം.

സമകാലിക ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ തീവ്രമായി വരച്ചുകാട്ടുന്ന നാടകമാണ് ‘ഭഗവന്തി’യിലൂടെ കെപിഎസി എഴുപത്തിയഞ്ചാം വാർഷികത്തിൽ അരങ്ങത്ത് കൊണ്ടുവരുന്നത്.

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് അനിൽ എം അർജുനൻ സംഗീഗം നൽകിയതാണ് നാടകത്തിലെ ഗാനങ്ങൾ. രംഗപടം ആർട്ടിസ്റ്റ് സുജാതൻ.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം കിഴക്കേ കോട്ടയിലെ കാർത്തിക തിരുനാൾ തിയേറ്ററിൽ കെപിഎസിയുടെ പഴയകാല നായികയും വിഖ്യാത അഭിനേത്രിയുമായ കെപിഎസി ലീല ഭഗവന്തി ഉദ്ഘാടനം ചെയ്യും. കെപിഎസി പ്രസിഡൻ്റ് ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ആശംസ നേരുന്ന ചടങ്ങിൽ കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ നന്ദിയും പറയും.

തുടർന്ന് ഏഴ് മണിക്ക് നാടകം അവതരിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി കൺവീനർ ജയശ്ചന്ദ്രൻ കല്ലിങ്കൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *