മെഡിസെപ്പ് പ്രീമിയം വർധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ഇൻഷുറൻസ് സംവിധാനം ജി.എസ്.ടിക്ക് പുറത്തായിട്ടും ജീവനക്കാർക്ക് യാതൊരു പരിരക്ഷയുമില്ലാത്ത മെഡി സെപ്പിന്റെ പ്രീമിയം വർധിപ്പിച്ചത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന കമ്മിറ്റി അംഗം ഷിബു കുമാർ പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് മനോഷ് കുറുപ്പ് അധ്യക്ഷനായി. കെ.ജി.ഒ.യു സംസ്ഥാന കമ്മിറ്റി അംഗം സജീവ് കുമാർ, എൻ.ജി.ഒ. അസോസിയേഷൻ നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എ.ആർ അജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു രാധൻ, ട്രഷറർ ശരത് എന്നിവർ സംസാരിച്ചു.
