January 15, 2026

തിരുവനന്തപുരം : ജനതാദള്‍(എസ്)ന് ലയിക്കാന്‍ രൂപീകരിച്ച പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍(ഐഎസ്‌ജെഡി) എന്ന പുതിയ പാര്‍ട്ടിക്കാണ് അംഗീകാരം ലഭിച്ചത്. ജനുവരി 10ന് കൊച്ചിയില്‍ വെച്ച് ജെഡി(എസ്) കേരളഘടകം ഐഎസ്‌ജെഡിയില്‍ ലയിക്കും. മാത്യു ടി തോമസ് പുതിയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആകും. മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ള നേതാക്കളും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും.

ദേശീയതലത്തില്‍ ജെഡി(എസ്) ബിജെപിയുടെ ഭാഗമായതോടെ കേരള നേതാക്കള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. മറ്റ് പാര്‍ട്ടിയിലേക്ക് പോകാനും പറ്റാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച് ലയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നല്‍കി. തുടർന്ന് കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിക്ക് അനുമതി നല്‍കിയത്.

ഇനി ജെഡി(എസ്)പുതിയ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിലും ജെഡിഎസ് ചിഹ്നമായ കറ്റയേന്തിയ കർഷക സ്ത്രീ അടയാളത്തിലായിരുന്നു കേരളത്തിലെ പാർട്ടി സ്ഥാനാർത്ഥികള്‍ മത്സരിച്ചത്. ഐഎസ്‌ജെഡിയുടെ ചിഹ്നം ചക്രമായിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *