കാര്‍ണിവല്‍ ജനുവരി 1 വരെ ; താരമായി പാളയം എല്‍.എം.എസില്‍ കൂറ്റന്‍ ക്രിസ്തുമസ് ട്രീ
തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ തലസ്ഥാനനഗരിയില്‍ ചരിത്രത്തിലാദ്യമായി ട്രിവാൻഡ്രം ഫെസ്റ്റിന് തുടക്കമായി. പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ ആറര ഏക്കറോളം സ്ഥലത്താണ് ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു.
ഒരിക്കലും ഒരു വിശ്വാസിയും വർഗ്ഗീയവാദിയല്ല, ഏതു മതത്തിൽപ്പെട്ടവരായാലും. . വിശ്വാസത്തെ മുന്നില്‍ നിര്‍ത്തി മാനവികതയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരസ്പര പൂരകങ്ങളായ സമാധാനവും സ്നേഹവും സാഹോദര്യവും പുരോഗതിയും സമൂഹത്തില്‍ വളര്‍ത്തണം. മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ച് കാണുന്ന സാമൂഹിക പശ്ചാത്തലത്തില്‍ എല്ലാവരുടെയും ഐക്യത്തിലൂന്നി ജനാധിപത്യപരമായി സംഘടിപ്പിക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റ് വിശാല അര്‍ത്ഥത്തിലുളളതാണെന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവൽ തിയോഫിലിസ് മെത്രപ്പോലീത്ത ചടങ്ങില്‍ അദ്ധ്യക്ഷനായി. ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകരുന്ന നഗരമായി തിരുവനന്തപുരം രൂപാന്തരപ്പെടുന്നുവെന്ന് മെത്രപ്പോലീത്ത പറഞ്ഞു. മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ ഡോ. സിറില്‍ മാര്‍ ബസേലിയോസ് മെത്രപ്പോലീത്ത ചടങ്ങില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൌലവി, ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, സാല്‍വേഷന്‍ ആര്‍മി ലഫ്റ്റനന്റ് കേണന്‍ ജേക്കബ് ജെ ഐ.എ എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമായി.
ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ , സി.എസ്.ഐ സൌത്ത് കേരള മഹായിടവക സെക്രട്ടറി ഡോ.റ്റി.റ്റി. പ്രവീണ്‍, വൈസ് ചെയര്‍മാന്‍ റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍, ട്രഷറര്‍ റവ. ഡോ. എ.പി. ക്രിസ്റ്റല്‍ ജയരാജ്, പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി റവ. ഡോ.ജെ. ജയരാജ്, സാജന്‍ വേളൂര്‍, ഡോ. ഡാനിയല്‍ ജോണ്‍സണ്‍, പ്രമീള.എല്‍, പ്രൊഫ. ഷേര്‍ലി സ്റ്റുവര്‍ട്ട് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ആദ്യ വനിതാ ബീറ്റ് ബോക്‌സറും ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ. ആർദ്ര സാജൻ ബീറ്റ് ബോക്‌സിംഗ് അവതരിപ്പിച്ചു. തുടർന്ന് ഇഷാൻ ദേവും സംഘവും അവതരിപ്പിച്ച മെഗാ മ്യൂസിക് ബാൻഡ് കാണികളെ ആവേശത്തിലാക്കി.
അയ്യായിരം നക്ഷത്രവിളക്കുകളും ദീപാലങ്കാരവും കൊണ്ട് വര്‍ണ്ണാഭമാണ് ഫെസ്റ്റ് നഗരി. 130 അടി ഉയരത്തിലുളള കൂറ്റന്‍ ക്രിസ്മസ് ട്രീയാണ് ഫെസ്റ്റിലെ താരം. ഇരുപതടി ഉയരമുളള സാന്റാ, മഞ്ഞിന്‍ താഴ്വരയിലെ പുല്‍ക്കൂടുകള്‍ എന്നിവ വേറിട്ട കാഴ്ചകളാണ്. വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളടങ്ങിയ ഫുഡ് കോർട്ട്, കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് പാർക്ക്, ബേർഡ്‌സ് പാർക്ക്, വ്യാപാര സ്റ്റാളുകൾ, ഗെയിമുകൾ എന്നിവയും ഫെസ്റ്റിലുണ്ട്. എല്ലാ ദിവസവും വൈകിട്ട് 3 മണി മുതലാണ് എക്‌സിബിഷനുകളിലേക്കുളള പ്രവേശനം അനുവദിക്കുക. പ്രവേശനം പാസ് മുഖേന നിയന്ത്രിക്കുമെന്ന് സംഘാടകരായ റവ. ഡോ. ജെ. ജയരാജ് , ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.
ഫോട്ടോ : ക്രിസ്തുമസ് – പുതുവത്സരകാഴ്ചകളൊരുക്കാന്‍ പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ തുടക്കമായ ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വഹിക്കുന്നു. ഡോ.സാമുവൽ തിയോഫിലിസ് മെത്രപ്പോലീത്ത , സി.എസ്.ഐ സൌത്ത് കേരള മഹായിടവക സെക്രട്ടറി ഡോ.റ്റി.റ്റി. പ്രവീണ്‍, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ ,റവ. ഡോ.ജെ. ജയരാജ്, ഡോ. സിറില്‍ മാര്‍ ബസേലിയോസ് മെത്രപ്പോലീത്ത, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൌലവി, ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, സാജന്‍ വേളൂര്‍, ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍ തുടങ്ങിയവര്‍ സമീപം
