അഴൂർ പഞ്ചായത്തിലെ പ്രധാന നിരത്തുകൾ, മാർക്കറ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് തെരുവ് നായ്ക്കളുടെ വിഹാരം പൊതുജന ജീവിതം ദുഷ്കരമാക്കുന്നു. പെരുങ്ങുഴി ജംഗ്ഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സന്ധ്യ മുതൽ വാഹനങ്ങൾക്കും, കാൽ നട യാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത വിധം ഇവയുടെ ശല്യം വർദ്ധിച്ചു.
രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയിലും തെരുവ് നായ്ക്കളുടെ കൂട്ടമായുളള ആക്രമണത്തിൽ ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റിരുന്നു. സമീപ പഞ്ചായത്തുകളിൽ നിന്നും, കോർപ്പറേഷൻ മേഖലകളിൽ നിന്നും വന്ധ്യങ്കരിച്ച നായകളെ അഴൂർ പഞ്ചായത്തിലേക്ക് ഉപേക്ഷിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, നായ ശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ എ.ആർ നിസാർ, അജിത്ത് രാജ്, കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ലീഡർ രഞ്ജിത്ത് പെരുങ്ങുഴി എന്നിവർ ആവശ്യപ്പെട്ടു.

