പോത്തൻകോട് : പ്രവർത്തനം തുടങ്ങിയിട്ടും പരാധീനതകളുടെ നടുവിലാണ് പോത്തൻകോട് മിനി സിവിൽസ്റ്റേഷൻ. 2024-ലാണ് മിനി സിവിൽസ്റ്റേഷന്റെ ഉദ്ഘാടനം നടന്നത്. താഴത്തെ നിലയിൽ സപ്ലൈകോയുടെ മെഡിക്കൽ ഷോപ്പും വിപണനകേന്ദ്രവും കീഴ്തോന്നയ്ക്കൽ വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റോഫീസ് എന്നിവയും ഒന്നാം നിലയിൽ സംയോജിത ശിശുവികസന പദ്ധതി ഓഫീസ്, പൊതുമരാമത്തുവകുപ്പ് ഓഫീസ്, ഹോമിയോ ആശുപത്രി, സിദ്ധ ആശുപത്രി എന്നിവയും രണ്ടാംനിലയിൽ ജലവിഭവവിഭാഗം ഓഫീസ് എന്നിവയുൾപ്പെടെ പന്ത്രണ്ടോളം സർക്കാർ ഓഫീസുകളാണ് മിനി സിവിൽസ്റ്റേഷനിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്.
പോത്തൻകോട് ഗ്രാമപ്പഞ്ചായത്തിന്റെ 40 സെന്റ് ഭൂമി റവന്യൂവകുപ്പിനു കൈമാറിയാണ് സിവിൽസ്റ്റേഷന്റെ നിർമാണം നടന്നത്. 2015-ലാണ് മിനി സിവിൽസ്റ്റേഷന് ഭരണാനുമതി ലഭിച്ചത്. 2018 ജൂണിലാണ് നാലുനിലകളിലായുള്ള കെട്ടിടത്തിന് അന്നത്തെ പൊതുമരാമത്തുവകുപ്പ് മന്ത്രി ജി.സുധാകരൻ തറക്കല്ലിട്ടത്. മുൻ എം.എൽ.എ. പാലോട് രവി അനുവദിച്ച അഞ്ചുകോടി രൂപയും മുൻ എം.എൽ.എ. സി.ദിവാകരൻ അനുവദിച്ച അഞ്ചുകോടി രൂപയും ചേർത്ത് 10 കോടി രൂപ മുടക്കിയാണ് മിനി സിവിൽസ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കിയത്. പൊതുമരാമത്തുവകുപ്പിലെ ആർക്കിടെക്ചർ വിഭാഗം രൂപകല്പനചെയ്ത കെട്ടിടത്തിന് 36600 ചതുരശ്ര അടി വിസ്തീർണമുണ്ട്.
: സിവിൽസ്റ്റേഷനിൽ ഓഫീസുകൾ പ്രവർത്തനം തുടങ്ങിയിട്ടും ഇവിടെ സുരക്ഷാജീവനക്കാരെ നിയമിച്ചിട്ടില്ല. പോലീസ് പരിശോധനയും നടക്കാറില്ല. രാത്രിയിൽ മിനി സിവിൽസ്റ്റേഷൻ താഴത്തെനിലയിൽ സമൂഹവിരുദ്ധശല്യം രൂക്ഷമാണ്. മദ്യപിക്കാനും മറ്റു സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുമുള്ള ഒരിടമായി ഇവിടം മാറി. ഇതിനു സമീപത്തായാണ് പോത്തൻകോട് ചന്ത പ്രവർത്തിക്കുന്നത്.
സുരക്ഷാജീവനക്കാരെ നിയമിച്ചും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചും മിനി സിവിൽസ്റ്റേഷൻ പരിസരം നിരീക്ഷിക്കണമെന്നും പോലീസ് പരിശോധന ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മിനി സിവിൽസ്റ്റേഷനിലെ ജീവനക്കാർക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. പൈപ്പ് ലൈനിലെ കുടിവെള്ളമാണ് ജീവനക്കാർ ഉപയോഗിക്കുന്നത്. മൂന്നും നാലും ദിവസങ്ങൾ കൂടുമ്പോഴാണ് പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നത്.
പലപ്പോഴും പണം മുടക്കിയാണ് ജീവനക്കാർ കുടിവെള്ളം വാങ്ങുന്നത്. ഒരു കുഴൽക്കിണർ നിർമിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും അധികൃതർ പരിഗണിച്ചിട്ടില്ല.
: മിനി സിവിൽസ്റ്റേഷനും പരിസരവും മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മദ്യപസംഘങ്ങൾ ഉപേക്ഷിക്കുന്ന കുപ്പികളും മറ്റും മിനി സിവിൽസ്റ്റേഷന്റെ താഴത്തെനിലയിൽ കൂട്ടിയിട്ടിരിക്കുന്നു.
പോത്തൻകോട്ടും പരിസരപ്രദേശങ്ങളിൽനിന്നു ശേഖരിക്കുന്ന മാലിന്യവും ഇതിനു സമീപത്തായാണ് കൊണ്ടിട്ടിരിക്കുന്നത്. ഇതിനുസമീപത്തായാണ് പോത്തൻകോട് പഞ്ചായത്തിന്റെ ഖരമാലിന്യസംഭരണകേന്ദ്രം പ്രവർത്തിക്കുന്നത്.മിനി സിവിൽസ്റ്റേഷനിലേക്കുള്ള പ്രധാന കവാടത്തിന്റെ ഇരുവശങ്ങളിലുമായി ഇരുചക്രവാഹനങ്ങൾ നിർത്തിവെച്ചിരിക്കുന്നതുകാണാം.
വിവിധ സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവർ രാവിലെ വാഹനങ്ങൾ കൊണ്ടുവെച്ചിട്ട് രാത്രി വൈകിയാണ് എടുത്തുകൊണ്ടുപോകുന്നത്. ഇത് മിനി സിവിൽ സ്റ്റേഷനിലേക്ക് വാഹനത്തിൽ വരുന്നവർക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്.മിനി സിവിൽസ്റ്റേഷൻ പരിസരം വൃത്തിയാക്കാനുള്ള നടപടികൾ റവന്യൂ അധികൃതർ സ്വീകരിക്കണം. പോത്തൻകോട് പോലീസ് രാത്രികാലങ്ങളിൽ കൂടുതൽ പരിശോധന നടത്തുകയും വേണം.
