പാറശ്ശാല : അതിർത്തിമേഖലയിൽ ടിപ്പറുകളുടെ അമിതവേഗം അപകടങ്ങൾക്കു കാരണമായിട്ടും നിയന്ത്രിക്കാൻ ആരുമില്ലാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നാലുദിവസത്തിനിടെ രണ്ട് അപകടങ്ങളാണ് ടിപ്പർ കാരണം പാറശ്ശാല പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായത്. കോഴിവിളയ്ക്കു സമീപം വന്യക്കോടുണ്ടായ അപകടത്തിൽ കർണാടക സ്വദേശിയായ കാർ ഡ്രൈവർ മരിച്ചു.
പാറശ്ശാല, പൊഴിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിയന്ത്രണങ്ങളില്ലാതെ ടിപ്പറുകൾ പായുന്നത്. തമിഴ്നാട്ടിൽനിന്ന് പാറ ഉത്പന്നങ്ങളുമായി സംസ്ഥാനത്തേക്ക് എത്തുന്ന വാഹനങ്ങളും അതിർത്തിപ്രദേശത്തെ ഗോഡൗണുകളിൽനിന്ന് പാറ ഉത്പന്നങ്ങളുമായി പോകുന്നവയും മണ്ണ് മാഫിയകളുടെ നിയന്ത്രണത്തിലുള്ള ടിപ്പറുകളുമാണ് നിയന്ത്രണമില്ലാതെ പായുന്നത്. തമിഴ്നാട്ടിൽനിന്ന് പാറ ഉത്പന്നങ്ങളുമായി എത്തുന്ന ടിപ്പറുകൾ മടങ്ങിപ്പോകുമ്പോഴാണ് കൂടുതൽ അപകടകാരികളാകുന്നത്.
തമിഴ്നാട്ടിൽ പകൽ ലോഡില്ലാത്ത ടിപ്പറുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഏറെ തിരക്കുള്ള വൈകുന്നേരങ്ങളിലാണ് സഞ്ചരിക്കുന്നത്. വൈകീട്ട് അഞ്ചുമണിമുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒന്നിച്ചെത്തുന്നവ അതിർത്തി കടക്കാനെത്തും.അതിർത്തിയുടെ പ്രാന്തപ്രദേശങ്ങളിൽ നിർത്തിയിടുന്ന ലോറികൾ ഒൻപത് കഴിഞ്ഞ് അതിർത്തി കടക്കാനായി അമിതവേഗത്തിൽ ചെക്പോസ്റ്റുകളിലേക്കു പായുകയാണ് പതിവ്. രാത്രി എട്ടിനു തുടങ്ങുന്ന അപകടപ്പാച്ചിൽ പത്തുവരെ നീളും. ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും അപകടഭീതി നൽകിയാണ് ഇവയുടെ ഓട്ടം. അതിർത്തികളിലെ ഗോഡൗണുകളിൽനിന്ന് ചില്ലറ വിൽപ്പനയ്ക്കായി പാറ ഉത്പന്നങ്ങളുമായി പോകുന്ന ടിപ്പറുകൾ കാൽനടയാത്രക്കാർക്കടക്കം ഭീഷണിയാണ്. ദിവസവും പരമാവധി ലോഡ് എടുക്കാനായി അമിതവേഗത്തിലാണ് ഇവർ നിരത്തുകളിലൂടെ സഞ്ചരിക്കുന്നത്.
മണ്ണ് മാഫിയയുടെ നിയന്ത്രണത്തിലുള്ള ടിപ്പറുകൾക്ക് അധികൃതരുടെ പിന്തുണയുമുണ്ട്. ജിയോളജി വകുപ്പിന്റെയും പഞ്ചായത്തിന്റെയും പാസ് ഉപയോഗിച്ച് മണ്ണ് എടുക്കുന്ന വാഹനങ്ങൾ ജീവനു ഭീഷണിയാണ്. പാസിന്റെ മറവിൽ അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്ന സംഘങ്ങളും കൂടിയാകുമ്പോൾ സഞ്ചരിക്കാനാകാത്ത നിലയാണ്.
ഇക്കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ നിയന്ത്രണംവിട്ട് ടിപ്പർ ഇടിച്ച് രണ്ട് അപകടങ്ങളാണ് അതിർത്തിപ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടുകൂടി കോഴിവിള വന്യക്കോടിനു സമീപം കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവറായ കർണാടക സ്വദേശി രവി(50)യാണ് മരണപ്പെട്ടത്. ഈ അപകടത്തിൽ കാർ യാത്രക്കാരായ മറ്റ് അഞ്ചുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞവർ ഒരു ദിവസത്തോളം അബോധാവസ്ഥയിലായിരുന്നു. ഇവിടെ ടിപ്പർ ലോറിയുടെ അമിതവേഗമാണ് അപകടത്തിനു കാരണമായതെന്നാണ് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ ആരോപിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു.
ഇതിനുപിന്നാലെ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പാറശ്ശാല കുറുങ്കൂട്ടിക്കു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിൽ ടിപ്പർ ഇടിച്ചുണ്ടായതാണ് രണ്ടാമത്തെ അപകടം. ആന്ധ്രപ്രദേശിൽനിന്ന് കൽക്കരിയുമായി വന്ന ലോറി രാത്രിയിൽ കുറുങ്കൂട്ടിയിൽ റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ വിശ്രമിക്കുമ്പോഴാണ് ടിപ്പർ നിയന്ത്രണംവിട്ട് ലോറിക്കു പിന്നിലിടിച്ചത്. .
ടിപ്പറുകൾ മൂലമുള്ള അപകടങ്ങൾ പതിവായിട്ടും സ്കൂൾസമയങ്ങളിൽപോലും ഇവയെ നിയന്ത്രിക്കാൻ ആരും തയ്യാറാകുന്നില്ല. ടിപ്പറുകൾക്കു നിയന്ത്രണമുണ്ടെങ്കിലും അതിർത്തിപ്രദേശത്ത് ഇതൊന്നും പാലിക്കപ്പെടുന്നില്ല. മണ്ണ് മാഫിയയുടെ നിയന്ത്രണത്തിലുള്ള ലോറികളാണ് നിയന്ത്രണമുള്ള സമയത്തും അമിതവേഗത്തിൽ ചീറിപ്പായുന്നത്.
