തിരുവനന്തപുരം : കേരള സർവകലാശാലാ ആസ്ഥാനം മണിക്കൂറുകൾ സ്തംഭിപ്പിച്ച് എസ്.എഫ്.ഐ. സമരം.വി.സി.ക്കെതിരേ പ്രതിഷേധവുമായി എത്തിയ എസ്.എഫ്.ഐ.ക്കാരെ പേരിനുമാത്രം തടഞ്ഞ് ആദ്യഘട്ടത്തിൽ സമരത്തിന് ഒത്താശ ചെയ്തെങ്കിലും ഗവർണർ ഇടപെട്ടതോടെ പോലീസ് നടപടിയിലേക്കു കടന്നു. പത്ത് മിനിറ്റുകൊണ്ട് സമരക്കാരെ ഒഴിപ്പിച്ചു. സർവകലാശാലാ കലോത്സവം നടത്തുന്നതിന് വി.സി. തടസ്സം നിൽക്കുന്നുവെന്നതായിരുന്നു പ്രതിഷേധത്തിനു കാരണമായി ഉയർത്തിയ ആരോപണം. കായികമേളയിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള യാത്രാബത്ത തടഞ്ഞുവക്കുന്നുവെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി.
ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ സമരക്കാർ പ്രധാന കവാടത്തിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തള്ളിമറിച്ചു. ജലപീരങ്കി പ്രയോഗിച്ചെങ്കിലും സമരക്കാർ പിരിഞ്ഞുപോയില്ല. കവാടത്തിൽ സമരക്കാരെ തടയാൻ ആവശ്യത്തിന് പോലീസുമുണ്ടായില്ല. അകത്തുകടന്ന വിദ്യാർഥികളെ ഓഫീസിനു മുൻപിലും പോലീസിനു തടയാനായില്ല. പ്രധാന ഓഫീസുകൾ സ്ഥിതിചെയ്യുന്ന ഒന്നാംനിലയിലേക്ക് കയറുന്നിടത്തെ വാതിലും അടച്ചിരുന്നില്ല. രജിസ്ട്രാറുടെ ഓഫീസിനോടുചേർന്ന് അദ്ദേഹത്തിന്റെ സ്റ്റാഫ് ഇരിക്കുന്ന മുറിയിൽ പ്രവേശിച്ചപ്പോഴും പോലീസിന്റെ പ്രതിരോധം നാമമാത്രമായിരുന്നു.
വി.സി.യെ കണ്ടിട്ടേ മടങ്ങൂവെന്ന് അറിയിച്ച വിദ്യാർഥികൾ അവിടെ കുത്തിയിരുന്നു. ഈ സമയം പോലീസുമായി വാക്കേറ്റമുണ്ടായി. രണ്ടരമണിക്കൂറോളം സമരം നീണ്ടെങ്കിലും അവരെ നീക്കാൻ പോലീസ് തയ്യാറായില്ല.
ഇതിനിടെ അധികൃതരുമായി വിദ്യാർഥിനേതാക്കൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തൃശ്ശൂരിലായിരുന്ന വി.സി., ചാൻസലറായ ഗവർണറെ വിവരങ്ങൾ അറിയിച്ചു. ഓഫീസ് പ്രവർത്തനം ഏതാണ്ട് നിലച്ചതോടെ ഗവർണർ ഡി.ജി.പി.യെ വിളിച്ച് സമരക്കാരെ നീക്കണമെന്ന് നിർദേശിച്ചു. ഇതോടെ നടപടികൾക്കു വേഗം വെച്ചു.
ഉടൻതന്നെ പോലീസ് മുൻനിരയിൽ നിന്ന വിദ്യാർഥികളെ അറസ്റ്റുചെയ്തു തുടങ്ങി. അറസ്റ്റിനെതിരേയും കുട്ടികളുടെ പ്രതിഷേധമുണ്ടായി. അവരെ കൊണ്ടുപോയ കന്റോൺമെന്റ് പോലീസ് സ്റ്റേഷനു മുൻപിലായി പിന്നീട് പ്രതിഷേധം.
യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ നിന്നാരംഭിച്ച മാർച്ചിന് എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ്,, ജില്ലാ സെക്രട്ടറി എം.എ. നന്ദൻ എന്നിവർ നേതൃത്വം നൽകി. സർവകലാശാലാ കലോത്സം പുതിയ യൂണിയൻ നടത്തട്ടെയെന്ന നിലപാടിലാണ് വി.സി.. നിലവിലുണ്ടായിരുന്ന യൂണിയനെ കലോത്സവം നടത്താൻ അനുവദിക്കണമെന്നായിരുന്നു എസ്.എഫ്.ഐ.യുടെ ആവശ്യം.
