കല്ലറ : കുറ്റിമൂട് ജലശുദ്ധീകരണപ്ലാന്റിന്റെ നിർമാണം അവസാനഘട്ടത്തിൽ. വൈദ്യുതി ഉൾപ്പെടെയുള്ള പ്രവർത്തികൾകൂടി പൂർത്തിയായാൽ പ്ലാന്റ് പൂർണമായും പ്രവർത്തനസജ്ജമാകും.
പുളിമാത്ത്, നഗരൂർ, കരവാരം പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള വെള്ളമാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ ഈ മൂന്ന് പഞ്ചായത്തിലെയും കുടിവെള്ളവിതരണം കാര്യക്ഷമമാകും.
പുളിമാത്ത്, നഗരൂർ, കരവാരം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയാണ് കുറ്റിമൂട് ജലശുദ്ധീകരണപ്ലാന്റ് പദ്ധതി ആസൂത്രണം ചെയ്തത്. ജലജീവൻമിഷൻ പദ്ധതിയുടെ ഭാഗമാണിത്. 2022-ൽ കരാർ നടപടികൾ ആരംഭിക്കുകയും 2023-ൽ പണി തുടങ്ങുകയും ചെയ്തു.
ഒരു ദിവസം 18 കോടി ജലം സംഭരിച്ച് ശുചീകരിച്ച് വിതരണം ചെയ്യാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്. കിഫ്ബി ഫണ്ടിൽ നിന്നു 87 കോടി രൂപയും ജലജീവൻ മിഷന്റെ 89.17 കോടിരൂപയുമാണ് നിർമാണത്തിനുവേണ്ടി വിനിയോഗിച്ചത്. നിർമാണച്ചുമതലയും അനുബന്ധ സൗകര്യങ്ങളൊരുക്കുകയും ചെയ്യേണ്ടത് കിഫ്ബിയും വിതരണം ചെയ്യേണ്ടത് ജലജീവൻമിഷനുമാണ്.
വാമനപുരം ആറ്റിൽ ആനാകുടിയിൽ സ്ഥാപിച്ച പമ്പ് ഹൗസിൽ നിന്നാണ് വെള്ളം കുറ്റിമൂട്ടിലേക്കു എത്തേണ്ടത്. അവിടെ സ്ഥാപിച്ച പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി കണക്ഷനും കുറ്റിമൂട്ടിലെ കെട്ടിട സമുച്ചയത്തിലേക്കുള്ള വൈദ്യുതിയും ലഭിച്ചാൽ പദ്ധതി പ്രാവർത്തികമാകും. പാവല്ല, കടലുകാണിപ്പാറ, നഗരൂർ പാറമുക്ക്, നെടുമ്പറമ്പ്, നെല്ലിക്കുന്ന്, കരവാരം, വണ്ടിത്തടം തുടങ്ങിയ സ്ഥലങ്ങളിൽ സംഭരണികളുടെ പണി പൂർത്തിയായിട്ടുണ്ട്. ഇവിടങ്ങളിലേക്കാണ് കുറ്റിമൂട് നിന്നു ജലമെത്തിക്കേണ്ടത്. ആ സംഭരണികളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി വെള്ളം വിതരണം ചെയ്യേണ്ട ചുമതല ജലജീവൻമിഷനാണ്. സമഗ്ര കുടിവെള്ള പദ്ധതിയിലുൾപ്പെടുത്തി കോടികൾ ചെലവാക്കി നിർമിച്ച പദ്ധതി നിസ്സാരകാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുന്നതിൽ പ്രദേശവാസികൾക്കും നാട്ടുകാർക്കും കടുത്ത അമർഷമുണ്ട്. കല്ലറ പഞ്ചായത്തിൽ ഇപ്പോൾ ജലം വിതരണം ചെയ്യുന്നത് തെങ്ങുംകോട് പ്ലാന്റിൽ നിന്നാണ്. കുറ്റിമൂട് പ്ലാന്റ് പ്രവർത്തനം തുടങ്ങിയാൽ കല്ലറ പഞ്ചായത്തിലേക്കുകൂടി അതിന്റെ പ്രയോജനമുണ്ടാകും.
