കാരക്കോണം : എൽ.പി. സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന സ്കൂൾ വാൻ കനാലിലേക്കു മറിഞ്ഞു. 25 കുട്ടികൾക്ക് പരിക്കേറ്റു. കനാലിൽ ജലനിരപ്പ് കുറവായിരുന്നതിനാലും വാൻ ഡ്രൈവറും നാട്ടുകാരും ചേർന്ന് കുട്ടികളെ ഉടൻ രക്ഷിച്ചതിനാലും ഒഴിവായത് വൻ ദുരന്തം.
പൂവത്തൂർ എൽ.എം.എസ്. എൽ.പി. സ്കൂളിലെ വിദ്യാർഥികളുമായിപ്പോയ വാനാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് സംഭവം.
മേക്കൊല്ല ഭഗവതിക്ഷേത്രത്തിനു സമീപം മൊട്ടക്കാവിലെ കനാലിലേക്കാണ് വാൻ പതിച്ചത്. ഇതിനു സമീപത്തുള്ള കുട്ടികളെ കയറ്റിയശേഷം വാൻ കനാൽ ബണ്ട് റോഡിലൂടെ സ്കൂളിലേക്കു വരുന്നതിനിടയിൽ വളവിൽ െവച്ച് സ്റ്റിയറിങ്ങിനുണ്ടായ തകരാർ കാരണം നിയന്ത്രണംവിട്ട് കനാലിലേക്കു മറിയുകയായിരുന്നു.
25 കുട്ടികളും ആയയും ഡ്രൈവറും ഉൾപ്പെടെ 27 പേരാണ് വാനിൽ ഉണ്ടായിരുന്നത്. ഓടിയെത്തിയ നാട്ടുകാർ 24 കുട്ടികളെ ഉടൻ കരയ്ക്കെടുത്തു. പിന്നീട് ഡ്രൈവർ പറഞ്ഞതിനെത്തുടർന്നാണ് വെള്ളത്തിനടിയിൽനിന്ന് നാലുവയസ്സുകാരിയെക്കൂടി രക്ഷപ്പെടുത്തിയത്.
പരിക്കേറ്റ കുട്ടികളെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സ നൽകി.
ആരുടെയും പരിക്ക് ഗുരുതരമല്ല. സ്കൂളിനു സ്വന്തമായി ബസില്ലാത്തതിനാൽ കരാറടിസ്ഥാനത്തിലാണ് വാഹനമെത്തുന്നത്.
വാഹനങ്ങളും ഡ്രൈവർമാരും മാറിമാറി വരുന്നത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിൽ പലർക്കും റൂട്ട് പരിചയം കുറവാണെന്നും ആരോപണമുണ്ട്.
കനാൽ ബണ്ട് റോഡുകളിൽ സുരക്ഷാവേലികൾ നിർമിക്കാത്തതും അപകടങ്ങൾക്കു കാരണമാകുന്നു.
