തിരുവനന്തപുരം : അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് നമ്മുടെ കേരളം സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യവുമായി ജോയിൻ്റ് കൗൺസിൽ നോർത്ത്-സൗത്ത് ജില്ലാ വനിതാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ “ഹാപ്പി വിമൻ വനിത കൂട്ടായ്മകൾ” സംഘടിപ്പിക്കും. നോർത്ത് ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വികാസ് ഭവൻ അങ്കണത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന പരിപാടി കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎ യുമായ ഇ.എസ് ബിജിമോൾ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക പ്രവർത്തക ആർ.പാർവതീദേവി, കവയത്രി ഷൈന കൈരളി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
തിരുവനന്തപുരം നോർത്ത് ജില്ല വനിതാ കമ്മിറ്റി പ്രസിഡൻ്റ് എൻ.റസിയ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.സിന്ധു, സംസ്ഥാന കമ്മിറ്റി അംഗം ആർ.സരിത, സംസ്ഥാന വനിതാ കമ്മിറ്റി അംഗങ്ങളായ ദേവികൃഷ്ണ.എസ്, ഡി.ബിജിന, തിരുവനന്തപുരം നോർത്ത് ജില്ല വനിതാ കമ്മിറ്റി സെക്രട്ടറി വി.മഞ്ജുകുമാരി തുടങ്ങിയവർ പങ്കെടുക്കും.
സൗത്ത് ജില്ല വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പബ്ലിക് ഓഫീസ് അങ്കണത്തിൽ ഉച്ചയ്ക്ക് രണ്ടര മണിക്ക് നടക്കുന്ന പരിപാടി മുൻ ഡെപ്യൂട്ടി മേയറും മഹിളാസംഘം ജില്ലാ സെക്രട്ടറിയുമായ അഡ്വ. രാഖി രവികുമാർ ഉദ്ഘാടനം ചെയ്യും. വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറിയും സാഹിത്യകാരിയുമായ അൽഫോൺസ് ജോയി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ വനിതകളെ ചടങ്ങിൽ ആദരിക്കും.
