തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പ്രധാന മുൻകരുതലുകൾ:
വീടിനോട് ചേർന്നുള്ള പുൽക്കാടുകൾ, കരിയിലക്കൂട്ടങ്ങൾ, വിറക് കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങൾ എന്നിവ കൃത്യമായി വൃത്തിയാക്കുക.
വീടിന്റെ വാതിലുകൾക്കും ജനാലകൾക്കും താഴെയുള്ള വിടവുകൾ അടയ്ക്കുക. ചൂട്
കാരണം ജനലുകൾ തുറന്നിടുമ്പോൾ നെറ്റുകൾ (Nets) ഉപയോഗിക്കുന്നത് പാമ്പുകൾ ഉള്ളിൽ കടക്കുന്നത് തടയാൻ സഹായിക്കും. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടുന്നത് എലികളെ ആകർഷിക്കും. എലികളെ തേടി പാമ്പുകൾ വീടിനുള്ളിൽ എത്താൻ ഇത് കാരണമാകും.
രാത്രിയിൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ടോർച്ച് കരുതുക. ചെരുപ്പുകൾ വീടിന് പുറത്ത് അഴിച്ചു വയ്ക്കുന്നവർ അവ ധരിക്കുന്നതിന് മുമ്പ് പാമ്പുകൾ കയറിയിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നന്നായി കുടഞ്ഞു നോക്കുക.
വേനൽക്കാലത്ത് തറയിൽ പായ വിരിച്ച് ഉറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളിക്കെട്ടൻ (Krait) പോലുള്ള പാമ്പുകൾ തണുപ്പ് തേടി കിടക്കയിലേക്ക് വരാൻ സാധ്യതയുണ്ട്. കട്ടിലിലോ കൊതുകുവലയ്ക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം.
വീടിന്റെ വരാന്തയിലും ഉമ്മറത്തും വച്ചിരിക്കുന്ന ചെടിച്ചട്ടികൾക്കിടയിൽ നനവും തണുപ്പും ഉള്ളതിനാൽ പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്.
പ്രഥമ ശുശ്രൂഷ:
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുന്നതിനുളള പ്രഥമ ശുശ്രൂഷയാണ് പ്രാഥമിക ലക്ഷ്യം.
പാമ്പ് കടിയേറ്റെന്ന് മനസ്സിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ ചെയ്യരുത് . പേടിച്ചാൽ രക്തയോട്ടം കൂടുകയും അതുവഴി വിഷം ശരീരത്തിൽ പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും . ശരീരം അനക്കരുത്, സൗകര്യപ്രദമായി ഇരുത്തുക . ബോധം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തറയില്‍ ചരിച്ചു കിടത്തുക
മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
കടിയേറ്റ വ്യക്തിയെ ഒരു നിരപ്പായ പ്രതലത്തിൽ കിടത്തുക.മുറിവിൽ അമർത്തുകയോ മുറിവുണ്ടാക്കി രക്തം കളയാൻ ശ്രമിക്കുകയോ ചെയ്യരുത്.
മുറിവിന് മുകളിലായി കയറോ, തുണിയോ മുറുക്കി കെട്ടേണ്ടതില്ല. ഇത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിന്
കാരണമാകും.
മുറിവിന് മുകളിൽ തുണി കെട്ടുന്നെങ്കിൽ ഒരു വിരൽ ഇടാവുന്ന അയവിൽ മാത്രം കെട്ടുക.
കടിയേറ്റ ആളെ എത്രയും വേഗം ആന്റി സ്നേക്ക് വെനം (ASV) ലഭ്യമായ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
തിരുവനന്തപുരം ജില്ലയില്‍ പാമ്പിന് വിഷത്തിനെതിരായ ആന്റിവെനം തിരുവനന്തപുരം മെഡിക്കൽ കോളേജ്, എസ് എ ടി,, ജനറല്‍ ആശുപത്രി തിരുവനന്തപുരം ജനറൽ ആശുപത്രി നെയ്യാറ്റിൻകര, ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി, പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി, ജില്ലാ മാതൃക ആശുപത്രി പേരൂർക്കട, നെടുമങ്ങാട്, ജില്ലാ ആശുപത്രി,വിതുര താലൂക്ക് ആശുപത്രി, പേരൂർക്കട മാനസികരോഗ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വർക്കല താലൂക്ക് ആസ്ഥാന ആശുപത്രി, താലൂക്ക് ആശുപത്രി ആറ്റിങ്ങൽ,
താലൂക്ക് ആശുപത്രി നേമം,താലൂക്ക് ആസ്ഥാന ആശുപത്രി മലയിൻകീഴ്, താലൂക്ക് ആശുപത്രി ഫോർട്ട്, സാമൂഹിക ആരോഗ്യ കേന്ദ്രം പാലോട്, കുടുംബാരോഗ്യകേന്ദ്രം ആനാട്, കുടുംബാരോഗ്യ കേന്ദ്രം കുറ്റിച്ചൽ, കുടുംബാരോഗ്യ കേന്ദ്രം പനവൂർ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
