കല്ലറ : പാങ്ങോട് പോലീസ് സ്റ്റേഷൻ വളപ്പിൽ തൊണ്ടിമുതലായി പിടിച്ച് കൂട്ടിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു. കൃത്യസമയത്ത് തീ കെടുത്താനായതുകൊണ്ട് വൻദുരന്തം ഒഴിവായി.
പതിനഞ്ചോളം ഇരുചക്ര വാഹനങ്ങളും ഒരു ഓട്ടോറിക്ഷയും പൂർണമായും കത്തിനശിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടേകാലോടെയാണ് സ്റ്റേഷനു സമീപം തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളിലേക്കു തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാരും പോലീസുദ്യോഗസ്ഥരും സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് തീ കെടുത്തുകയായിരുന്നു.
സമീപത്ത് മറ്റ് ധാരാളം വാഹനങ്ങളുണ്ടായിരുന്നെങ്കിലും അങ്ങോട്ട് തീയാളാതെ കൃത്യസമയത്ത് കെടുത്തിയത് കൊണ്ട് വൻദുരന്തം ഒഴിവായി.
സ്റ്റേഷനു സമീപം രേഖകൾ സൂക്ഷിക്കുന്ന ഓഫീസിന്റെ സമീപത്തായാണ് തീ പടർന്നത്. കൃത്യസമയത്ത് അണയ്ക്കാനായില്ലെങ്കിൽ നിരവധി സുപ്രധാനമായ രേഖകളും കത്തിനശിച്ചേനേ.
സംഭവത്തിൽ ദുരൂഹതയൊന്നും തന്നെയില്ലെന്നും സമീപത്ത് എവിടെയോ ചപ്പുചവറുകൾ കത്തിച്ചപ്പോൾ അതിൽ നിന്നും തീ പടർന്നിരിക്കാനാണ് സാധ്യതയെന്നും പാങ്ങോട് സി.ഐ. ജിനേഷ് അറിയിച്ചു.
