കൽപ്പറ്റ: ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് കഴിഞ്ഞ 9 വർഷമായി ജോലി ചെയ്തുവരുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ കൂടിയായ 241 അധ്യാപകരെ സർക്കാർ കഴിഞ്ഞദിവസം പി പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്ന് രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡണ്ട് പിപി ഷൈജൽ ആവശ്യപ്പെട്ടു.
ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി സംസ്ഥാന സർക്കാർ ആദിവാസി വിഭാഗത്തിൽ നിന്ന് അഭ്യസ്ഥവിദ്യരായ മെന്റർ അധ്യാപകരെ നിയമിച്ചത് 2017ലാണ്. വയനാടും പാലക്കാട് ഇടുക്കിയിലുമായി 297 അധ്യാപകരാണ് ഉണ്ടായിരുന്നത്.അതിൽ 241 പേരും വയനാട്ടിലാണ്. ഈ അധ്യയന വർഷം ആരംഭിച്ചത് മുതൽ ജോലിക്ക് വേണ്ടതില്ല എന്ന് അധ്യാപകർക്ക് അറിയിപ്പ് ലഭിക്കുകയായിരുന്നു. ഇതോടെ ആദിവാസി വിദ്യാർത്ഥികളുടെ പഠനവും പ്രതിസന്ധിയിലായി.എൽപി വിഭാഗത്തിൽ മെന്റർ അധ്യാപകരെ നിയമിച്ചതിലൂടെ ആദിവാസി വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിച്ചു.
വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു. ഒരുപാട് കുട്ടികളെ സ്കൂളുകളിൽ എത്തിക്കാൻ സാധിച്ചു.
‘ഗോത്ര ബന്ധു’ എന്ന പേരിൽ പദ്ധതി രൂപീകരിച്ചാണ് കഴിഞ്ഞ സർക്കാർ പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ ഇത്തരത്തിൽ അധ്യാപകരെ നിയമിച്ചത്.ആദിവാസി വിദ്യാർത്ഥികളുടെ ഉന്നമനത്തോടൊപ്പം തന്നെ ടിടിസി,ബിഎഡ് കഴിഞ്ഞവരും വിദ്യാഭ്യാസമുള്ളവരും ആയ ആദിവാസി വിഭാഗത്തിൽനിന്നുള്ള യുവതി യുവാക്കൾക്കും ജോലിയും സാമ്പത്തിക ഉന്നമനവും ഈ പദ്ധതിയിലൂടെ ലക്ഷ്യം കാണാൻ കഴിഞ്ഞിട്ടുണ്ട്.അധ്യാപകരിൽ നല്ലൊരു ശതമാനവും ഏറ്റവും പിന്നോക്കം നിൽക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിൽപ്പെട്ടവരാണ്.ഗോത്രവർഗ്ഗ വിദ്യാർത്ഥികളോടൊപ്പം ഈ അധ്യാപകരുടെ കുടുംബങ്ങളെല്ലാം തന്നെ വലിയ പ്രതിസന്ധിയിലേക്കാണ് ഈ പിരിച്ചുവിടലിലൂടെ തള്ളി വിട്ടിരിക്കുന്നത് അതുകൊണ്ടുതന്നെ മെന്റർ അധ്യാപകരുടെ പിരിച്ചുവിടൽ റദ്ദു ചെയ്തുകൊണ്ട് അടിയന്തര നടപടി ഉണ്ടാവണമെന്നും രാഷ്ട്രീയ യുവജനതാദൾ ആവശ്യപ്പെട്ടു.
