
വർക്കല : “കുരുന്നു മനസ്സിനൊരു പുസ്തകം” എന്ന പ്രമേയവുമായി പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന വായനാ വാരാചരണം കുട്ടികൾക്ക് വേറിട്ട അനുഭവമായി. അക്ഷരത്തിന്റെ വെളിച്ചത്തിലേക്കും വായനയുടെ അത്ഭുത ലോകത്തേക്കും മലയാളിയെ കൈപിടിച്ചുയർത്തിയ പി.എൻ പണിക്കർ സാറിന് ശ്രദ്ധാഞ്ജലിയർപ്പിച്ച് ജൂൺ19ന് സ്കൂളിൽ ആരംഭിച്ച വായനാവാരത്തിന്റെ ഭാഗമായി പുസ്തകങ്ങളുടെ പ്രദർശനം, റീഡിങ് കാർഡ് ഉപയോഗിച്ചുള്ള വായന പരിപാടികൾ, വായന മത്സരം, പ്രശ്നോത്തരി, വായനശാല സന്ദർശനം, ‘ഞാൻ വായിച്ച പുസ്തകം’, ‘വായനാദിനം ഓർമ്മപ്പെടുത്തുന്നത്’, ‘മാലിന്യമുക്ത കേരളം- സുന്ദര കേരളം’ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്കായി നടത്തിയ പ്രസംഗം മത്സരം, വായനാദിന പ്രതിജ്ഞ, അക്ഷരനൃത്തം, പുസ്തകാസ്വാദനക്കുറിപ്പുകൾ, കുട്ടികളുടെ വിവിധ കലാ-സാംസ്കാരിക പരിപാടികൾ, സമ്മാനദാനം എന്നിവ വായനാവാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
വായനാ വാരാചരണത്തിന്റെ സമാപനം എഴുത്തുകാരനും പ്രഭാഷകനുമായ എ.വി.ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. വായന മനുഷ്യരെ സംസ്കാരമുള്ളവരും സാമൂഹ്യബോധമുള്ളവരു മാക്കിമാറ്റുമെന്നും, കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യകൾ വിസ്ഫോടനം സൃഷ്ടിക്കുമ്പോഴും വായന മരിക്കുന്നില്ലെന്നും, മാറിവരുന്ന വായനാശീലങ്ങളിലൂടെ വായന ജീവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ലൗലി സനൽ വായനാദിന സന്ദേശം നൽകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ എംഡി ഷിനോദ്.എ സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ ആതിര എസ്.എസ്,സ്മൃതി ജെ.എസ്,അശ്വതി ജിബി, ലെസിസെൻ, ബിജികല രാജു,ലക്ഷ്മി സന്തോഷ്,റാബിയ.എം,ശ്രുതി.എസ് എന്നിവർ പങ്കെടുത്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള “പാഥേയം” ഭക്ഷണ അലമാരയിൽ വായനാദിനത്തിൽ ഭക്ഷണപ്പൊതികൾക്കൊപ്പം പുസ്തകങ്ങളും വിതരണം ചെയ്തു. ഗ്രന്ഥശാലകൾക്കും, വിവിധ സ്കൂളുകളിലെ കുട്ടികൾക്കുമുള്ള പുസ്തകങ്ങൾ കിഡ്സ് പാലസ് മാനേജിങ് ഡയറക്ടർ ഷിനോദ്.എ യിൽ നിന്നും സ്കൂൾ കോർഡിനേറ്റർ റാബിയ.എം ഏറ്റുവാങ്ങി.
