തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയില്‍ സ്ഥാനാർത്ഥിത്വം ലഭിക്കാത്തവരെപ്രധാന ചുമതലകളിലേക്ക് പരിഗണിക്കണമെന്ന് ആവശ്യം. ഒരാൾക്ക് ഒരു പദവി എന്നത് നിർബന്ധമാക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതേസമയം വനിതകള്‍ക്ക് പരിഗണന നൽകണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ജനപ്രതിനിധികളെ പ്രധാന ചുമതലകളില്‍ പരിഗണിക്കേണ്ടതില്ല എന്ന ആവശ്യവും നേതാക്കൾ മുന്നോട്ടുവെച്ചു. സ്ഥാനാർത്ഥിത്വം ലഭിക്കാത്തവർക്ക് ആ അവസരം നൽകണമെന്നാണ് ആവശ്യം.
അതേസമയം, എംഎല്‍എമാരെ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനവും ഉണ്ടായേക്കും. കെപിസിസി പൂര്‍ണ്ണമായും പുനഃസംഘടിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. നിലവില്‍ അധ്യക്ഷ പദവിയിലേക്ക് ബെന്നി ബഹനാന്, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്, ആന്റോ ആന്റണി, വി എസ് ശിവകുമാര്‍, എം കെ രാഘവന്, മാത്യു കുഴല്നാടന് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. ഭൂരിഭാഗം ഡിസിസികളിലും നേതൃമാറ്റം ഉണ്ടാകുമെന്നാണ് വിവരം.
എന്നാൽ താൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞത്. അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസിയിലും ഡിസിസികളിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പുനസംഘടന എത്രയും പെട്ടന്നുതന്നെ ഉണ്ടാകുമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കെപിസിസി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മൂലമാണ് പുനസംഘടന വൈകിയതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. മറ്റുസംസ്ഥാനങ്ങളിലെ പുനസംഘടന നേരത്തെ പൂര്‍ത്തിയായെന്നും ഇനി കേരളത്തിലെ പുനസംഘടന മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
