തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടിയിൽ ഇന്ന് നിർണായക പുരോഗതിയുണ്ടാകാൻ സാധ്യത.
പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറുമെന്നാണ് സൂചന.
അന്വേഷണത്തിൽ അട്ടിമറി നടന്നതായി റിപ്പോർട്ട് വിലയിരുത്തുന്നതോടെ അജിത് കുമാറിനെതിരെ നടപടി ശുപാർശ ചെയ്യുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് എസ്ഐടി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയത്.
അന്വേഷണ അട്ടിമറിക്ക് എഡിജിപി എം.ആർ. അജിത് കുമാറിനും ഉത്തരവാദിത്തമുണ്ടെന്ന് റിപ്പോർട്ടിൽ വിലയിരുത്തിയതായാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്യാൻ ഡിജിപി തീരുമാനിച്ചേക്കുമെന്നാണ് സൂചന.
