
തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി പ്രതിഷേധവും വഴിതടയലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന പൊലീസിനു റിപ്പോർട്ടുകൾ ലഭിച്ചിട്ടും സുരക്ഷ ശക്തമാക്കുന്നതിൽ പൊലീസിനു ഗുരുതര വീഴ്ചയുണ്ടായെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. യുവമോർച്ച പ്രതിഷേധം സംബന്ധിച്ചു മുൻകൂട്ടി വിവരം നൽകിയിരുന്നെങ്കിലും പൊലീസ് ഇത് ഗൗരവമായി പരിഗണിച്ചില്ലെന്നാണ് ആരോപണം. സംഭവത്തിൽ ഡിജിപി കമ്മിഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ ചാക്കയിൽവച്ച് യുവമോർച്ച പ്രവർത്തകർ ആദ്യം കരിങ്കൊടി കാണിച്ചു. ഇവിടെ പൊലീസ് സാന്നിധ്യം ഇല്ലായിരുന്നു. രാവിലെ തന്നെ പ്രതിഷേധ സാധ്യത സംബന്ധിച്ച് വിവരം ലഭിച്ചിട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. മന്ത്രി കെ.എം.ഷാജിയെ യുവമോർച്ച പ്രവർത്തകർ 20 മിനിറ്റോളം തടഞ്ഞ സമയത്തും പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നില്ല. ഓട്ടോയിൽ പോകാൻ ശ്രമിച്ച മന്ത്രിയെ തടഞ്ഞതോടെ പിന്നീട് നടന്നു പോകേണ്ട സാഹചര്യമുണ്ടായി. മന്ത്രി ഏറെനേരം കാത്തുനിന്നിട്ടും സ്ഥലത്ത് പൊലീസ് എത്തിയില്ലെന്നതും വിമർശനത്തിനിടയാക്കി. സംഭവം അതീവ സുരക്ഷാവീഴ്ചയായാണു വിലയിരുത്തപ്പെടുന്നത്.
കെപിസിസി, ഡിസിസി ഓഫിസുകൾക്ക് സുരക്ഷയ്ക്ക് പൊലീസിനെ നിയോഗിക്കണമെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും സ്ഥലത്ത് പൊലീസുകാരെ നിയോഗിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട്. 2 പൊലീസുകാരെ നിയോഗിച്ചിരുന്ന, ബിജെപി സംസ്ഥാന ഓഫിസായ മാരാർജി ഭവനുനേരെയും ആക്രമണമുണ്ടായി. പൊലീസ് സന്നാഹം ഒരുക്കുന്നതിലും കന്റോൺമെന്റ് സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തിൽ ലാത്തിച്ചാർജ് നടത്തിയതിലും ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലും സംഘർഷത്തിനും സമരങ്ങൾക്കും സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. സംഘർഷസാധ്യതയുള്ള ഇടങ്ങളിൽ സിഐമാർക്ക് ചുമതല നൽകി. എല്ലാ രാഷ്ട്രീയ പാർട്ടി ജില്ലാ,സംസ്ഥാന ഓഫിസുകൾക്കു മുന്നിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ വേദി മാറ്റിയ സംഭവത്തിലും അന്വേഷണം. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽനിന്നു പ്രതിഷേധം തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് മെൻസ് ഹോസ്റ്റലിന് മുന്നിലേക്ക് വേദി മാറ്റുകയായിരുന്നു.
