കരകുളം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ 2 പേർക്ക് വെട്ടേറ്റു. പരുക്കേറ്റ സിപിഐ നേതാവ് കാളിയോട് സ്വദേശി വിനോദ് പട്ടത്തെ സ്വകാര്യ ആശുപത്രിയിലും സുനി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ശനി രാത്രി 9.30ന് വട്ടപ്പാറ ജൂബിലി നഗറിലാണ് സംഭവം.
വിനോദിന്റെ ബന്ധു വിജയരാജിന്റെ വീടിനടുത്ത് പടക്കം പൊട്ടിച്ചതാണ് തർക്കത്തിന് കാരണം. വീട്ടിൽ പശുക്കൾ ഉള്ളതിനാൽ പടക്കം പൊട്ടിക്കുന്നത് പൊലീസിൽ അറിയിക്കണമെന്ന് വിജയരാജ് വിനോദിനോടു പറഞ്ഞിരുന്നു.
പിന്നീട് വിനോദ് വെട്ടുകത്തിയുമായി സുനിയെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നെന്ന് വട്ടപ്പാറ പൊലീസ് പറഞ്ഞു. തുടർന്ന് സുനിക്കൊപ്പം ഉണ്ടായിരുന്ന ലാലുവും കൂട്ടരും ചേർന്ന് വെട്ടുകത്തി ഉപയോഗിച്ച് വിനോദിനെ ആക്രമിച്ചു. ലാലുവിന്റെ നെറ്റിയിലും മുറിവേറ്റു. വിനോദിനെ ആക്രമിച്ചെന്ന പരാതിയിൽ 6 പേർക്കെതിരെ കേസെടുത്തതായും സുനിയെ ആക്രമിച്ചെന്ന പരാതിയിൽ കേസെടുക്കുമെന്നും വട്ടപ്പാറ പൊലീസ് അറിയിച്ചു.
