വിഴിഞ്ഞം: രാജ്യം ബഹളം വെക്കുന്നു എന്ന പേരിൽ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹപരവും ജനാധിപത്യ വിരുദ്ധവുമായ നയനടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് എസ് എസ് എഫ് നെയ്യാറ്റിൻകര ഡിവിഷനിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ഇനി ബാക്കിയുള്ളത് നിങ്ങളുടെ നാവും വിരലും മാത്രം, അത് കൂടി വിൽക്കപ്പെടും മുമ്പ് ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരിക്കുക, ഉറക്കെ പ്രതിഷേധിച്ചു കൊണ്ടിരിക്കുക എന്ന പ്രമേയത്തിലാണ് സംസ്ഥാനത്തെ ഏഴായിരത്തിൽ പരം വരുന്ന കേന്ദ്രങ്ങളിൽ സമരപരിപാടികൾ എസ് എസ് എഫ് നടപ്പിലാക്കിയത്.
യൂണിറ്റിൽ നിന്നും തിരഞ്ഞെടുത്ത പ്രവർത്തകരെ കവലകളിൽ ഒരുമിച്ചുകൂട്ടിയും മറ്റുള്ള പ്രവർത്തകരെ അവരുടെ വീടുകളിൽ പ്ലാക്കർഡ് ഉയർത്തി നിന്നുകൊണ്ടുമാണ് സമരം അരങ്ങേറിയത്.
വിഴിഞ്ഞം യൂണിറ്റിൽ നടന്ന സമരത്തിന് എസ് എസ് എഫ് നെയ്യാറ്റിൻകര ഡിവിഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് അക്ബർഷ, ടൗൺഷിപ്പിൽ ഡിവിഷൻ സെക്രട്ടറി മുഹമ്മദ് ജാസിം, വിഴിഞ്ഞം ജംഗ്ഷനിൽ ഡിവിഷൻ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഹാരിസ് മുസ്ലിയാർ നേതൃത്വം നൽകി. മറ്റു യൂണിറ്റുകളിൽ അതാത് യൂണിറ്റുകളിൽ നിന്നുള്ള സെക്ടർ ഭാരവാഹികൾ നേതൃത്വം നൽകി.
