വിഴിഞ്ഞം : എൻജിനുകൾ തകരാറിലായ ചരക്കുകപ്പലിനെ ടഗ്ഗുകളുടെ സഹായത്തോടെ കെട്ടിവലിച്ച് ബെർത്തിലടുപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് കഴിഞ്ഞദിവസമാണ് അപൂർവ രക്ഷാപ്രവർത്തനം നടന്നത്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി ചാർട്ടർ ചെയ്തിട്ടുള്ള സി.എച്ച്.എസ്. കൊളംബോ എന്ന ചരക്കുകപ്പലാണ് തകരാറിലായത്.
ഒരാഴ്ച മുൻപായിരുന്നു കൊളംബോയിൽനിന്ന് കപ്പൽ വിഴിഞ്ഞത്തെത്തിയത്. ഊഴംകാത്ത് പുറംകടലിൽ കിടക്കുന്നതിനിടയിലാണ് കപ്പലിന്റെ മുഖ്യ എൻജിനും അനുബന്ധ മൂന്ന് എൻജിനുകളും പ്രവർത്തിക്കാതായത്. ശക്തമായ തിരതള്ളലിൽ കപ്പൽ ഒഴുകിപ്പോയേക്കുമെന്ന ആശങ്ക ക്യാപ്റ്റൻ തുറമുഖ അധികൃതരുമായി പങ്കുവെച്ചു.
ക്യാപ്റ്റൻ സഹായമാവശ്യപ്പെട്ടതോടെ തുറമുഖത്തെ സാങ്കേതിക വിദഗ്ധരുടെ അടിയന്തര യോഗം വിളിച്ച് കപ്പലിനെ ബെർത്തിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി.
വിദേശ കപ്പലായതിനാൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ, കസ്റ്റംസ്, എമിഗ്രേഷൻ അടക്കമുള്ളവരുടെ അനുമതികളും വാങ്ങി. തുടർന്ന് കപ്പലിന്റെ പിന്നിലും മുന്നിലും ഇരുവശങ്ങളിലുമായി നാല് ടഗ്ഗുകളെ വിന്യസിച്ചു.
ടഗ്ഗുപയോഗിച്ച് പിന്നിൽനിന്ന് തള്ളിയും വടമുപയോഗിച്ച് കെട്ടിവലിച്ചുമാണ് കപ്പലിനെ ബെർത്തിലെത്തിച്ചത്. തുടർന്ന് കപ്പലിലുള്ള 350 ഓളം കണ്ടെയ്നറുകൾ തുറമുഖത്ത് ഇറക്കി. ശേഷം കപ്പൽ ടഗ്ഗുകളുടെ സഹായത്തോട തുറമുഖത്തെ ആങ്കറേജിലെത്തിച്ചു.
കപ്പലിനെ കെട്ടിവലിച്ച് കൊളംബോയിലേക്കു കൊണ്ടുപോകും. ഇതിനായി രണ്ട് കൂറ്റൻ ടഗ്ഗുകൾ കൊളംബോയിൽനിന്ന് എത്തും. ഇത് മൂന്നാം തവണയാണ് വിഴിഞ്ഞത്ത് തകരാറിലായ കപ്പലിനെ ടഗ്ഗുകളുടെ സഹായത്തോടെ തുറമുഖത്തടുപ്പിക്കുന്നത്.
