വിഴിഞ്ഞം : വിഴിഞ്ഞം ബൊള്ളാർഡ് പുൾ പരിശോധനാകേന്ദ്രത്തിനടുത്തുള്ള പാറക്കെട്ടുകളും പരിസരവും അപകടമേഖലയാണെന്ന് ജാഗ്രതാ ബോർഡ് സ്ഥാപിക്കും. തിങ്കളാഴ്ച പുലർച്ചെ ബൊള്ളാർഡ് പുൾ കേന്ദ്രത്തിനു പിന്നിലുള്ള പാറക്കെട്ടിൽ കയറിനിന്ന് യുവാക്കളുടെ സംഘം ഫോട്ടോയെടുക്കുന്നതിനിടെ തിരയടിച്ചുകയറി ഹോമിയോ ഡോക്ടറെ കാണാതായതിനെ തുടർന്നാണ് നടപടി.
വയനാട് സ്വദേശി എ.എസ്. ശ്രീജിത്തിനെ(28)യാണ് കാണാതായത്. ഇവിടത്തെ അപകടസാധ്യതയെപ്പറ്റി കഴിഞ്ഞ ചൊവ്വാഴ്ച മാതൃഭൂമിയിൽ വാർത്ത നൽകിയിരുന്നു. തുടർന്ന് കൊച്ചിയിൽനിന്ന് ഷിപ്പ്യാർഡ് അസിസ്റ്റന്റ് മാനേജർ ജൂലിയൻ ജോസ് വിഴിഞ്ഞം ബൊള്ളാർഡ് പുൾ കേന്ദ്രത്തിലെ സുരക്ഷാകാര്യങ്ങൾ പരിശോധിച്ചു. ഇതിനുശേഷമാണ് ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.
അതീവ സുരക്ഷാമേഖലയും അതിലുപരി എപ്പോഴും വൻതിരകൾ അടിച്ചുകയറുന്ന പാറക്കെട്ടുകളും ഉള്ള ഇടമാണിത്. കേരള മാരിടൈം ബോർഡ് അധികൃതർ കൊച്ചിൻ ഷിപ്പ്യാർഡിനു പാട്ടത്തിനാണ് ബൊള്ളാർഡ് പുൾ നൽകിയിട്ടുള്ളത്. വിഴിഞ്ഞത്ത് എത്തുന്നവർ തുറമുഖം കാണുന്നതിനും പശ്ചാത്തലമാക്കി ഫോട്ടോ എടുക്കാനുമായി ആണ് ബൊള്ളാർഡിനു താഴെയുള്ള പാറക്കെട്ടുകളിൽ ഇറങ്ങുന്നത്. വൻ തിരമാലകൾ അടിച്ചുകയറുന്ന ഇവിടം അപകടമേഖലയാണ്. എന്നാൽ, ഇത്തരത്തിലുള്ള ബോർഡുകളൊന്നും ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷിപ്പ്യാർഡിന്റെതന്നെ ഉന്നതതല ഉദ്യോഗസ്ഥരും ചൊവ്വാഴ്ച സ്ഥലം സന്ദർശിക്കും.
